ഫോണ്‍കെണി വിവാദം; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആന്റണി കമ്മീഷന്റെ ശുപാര്‍ശ
Kerala
ഫോണ്‍കെണി വിവാദം; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആന്റണി കമ്മീഷന്റെ ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2017, 2:58 pm

തിരുവനന്തപുരം: മംഗളം ചാനലിനും സി.ഇ.ഒ അജിത് കുമാറിനുമെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. വാണിജ്യ താല്‍പര്യത്തിനായി മന്ത്രിയെ കുടുക്കിയതാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും സി.ഇ.ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണ്‍ കെണിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അജിത് കുമാറിനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചാനലിന്റെ ഉദ്ഘാടന ദിവസം ഒളിക്യാമറ വിവാദം എന്ന പേരില്‍ അജിത് കുമാര്‍ തന്നെയാണ് വിവരം ചാനലില്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിലൂടെ സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് അജിത് കുമാര്‍ നടത്തിയതെന്നും ഫോണ്‍ കെണി വിവാദത്തിലൂടെ സംസ്ഥാനത്തിന്റെ പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.


Also Read: ഇരുന്നൂറുകൊല്ലം ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസിനെ കുറിച്ച് പറയുന്നത്; പത്മാവതി വിവാദത്തില്‍ ജാവേദ് അക്തര്‍


ചാനലിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ചാനലില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. നിയമ ലംഘനവും പൊതുനഷ്ടവും വരുത്തിയതിനാണ് ഇത്.

അതേസമയം, മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഉള്ളതായി വിവരമില്ല. എന്നാല്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മ്മിക സ്വഭാവം എത്രമാത്രം പാലിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.