| Monday, 17th September 2018, 8:17 am

മംഗൂട്ട് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ 64 മരണം; 45 പേരെ കാണാതായി; ദക്ഷിണ ചൈനയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിലിപ്പൈന്‍സ്: കിഴക്കന്‍ ഫിലിപ്പൈന്‍സിന്റെ തീരത്ത് 64 പേരുടെ മരണത്തിനിടയാക്കിയ മംഗൂട്ട് ചുഴലിക്കാറ്റ് ഇന്നലെ ദക്ഷിണ ചൈനയിലേക്കു മാറി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഫിലിപ്പൈന്‍സില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്.

ഇട്ടഗോങ് പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 45 പേരെ കാണാനില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണഖനിത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് മൃതദേഹങ്ങള്‍ ഇതു വരെ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 750 ഓളം കെട്ടിടങ്ങളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണത്.


ദക്ഷിണ ചൈനയില്‍ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീന്‍പിടിത്ത ബോട്ടുകള്‍ തിരികെ വിളിക്കുകയും ചെയ്തു. കാറ്റിനും മഴയ്ക്കും സാധ്യതയുള്ള ചുഴലിക്കാറ്റാണിതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഇപ്പോള്‍ മംഗൂട്ടിന്റെ വേഗം. ഇത് 162 കിലോമീറ്റര്‍ വരെ വേഗത്തിലാകാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദക്ഷിണ ചൈനയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഹോങ്കോങ്ങില്‍ അടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്ന് ഹോങ്കോങ് ഒബ്‌സര്‍വേറ്ററി മുന്നറിയിപ്പു നല്‍കി. ചുഴലിക്കാറ്റ് കടന്നുപോകാന്‍ സാധ്യതയുള്ള ഹൈനാന്‍ പ്രവിശ്യയിലടക്കം വ്യോമഗതാഗതവും നിരോധിച്ചു. ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.

We use cookies to give you the best possible experience. Learn more