[]ന്യൂദല്‍ഹി: ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരുടെ രൂക്ഷവിമര്‍ശനം.
മംഗള്‍യാന്‍ ശുദ്ധ അസംബന്ധമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയെന്ന ചിന്ത നാസ പോലും ഉപേക്ഷിച്ച് കഴിഞ്ഞതാണ്. ഇനിയും അതിന് കഴിയുമെന്ന് പറയുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വംശജനായ നാസ ശാസ്ത്രജ്ഞനായ അമിതാഭ് ഘോഷും ചൊവ്വാ ദൗത്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജി.എസ്.എല്‍.വി പരീക്ഷണത്തിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ചൊവ്വാ ദൗത്യത്തിലൂടെ പുതിയ സാങ്കേതികവിദ്യകള്‍ അംഗീകരിക്കപ്പെടുമെന്ന് ആരോ പറഞ്ഞതായി അറിഞ്ഞു.” അദ്ദേഹം പറഞ്ഞു.”എന്നാല്‍ ഇത്തരം പ്രോജക്ടുകളുമായി പരിചയമുള്ള ഒരാള്‍ എന്ന നിലയില്‍ ഇതില്‍ പുതിയ എന്തെങ്കിലും സാങ്കേതികവിദ്യകള്‍ ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല.”
അതേസമയം മംഗള്‍യാന് പിന്തുണയുമായി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ യു. ആര്‍ റാവു അടക്കമുള്ള മുതിര്‍ന്ന ശാസത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്.
പത്തടി ഉയരത്തില്‍ മാത്രം പൊട്ടുന്ന ദീപാവലി പടക്കത്തിന് മാത്രം അയ്യായിരം കോടി രൂപ ചെലവിടുന്ന രാജ്യത്ത് ചൊവ്വാദൗത്യത്തിനായി 500 കോടി ചെലവാക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.