മംഗളുരു: മംഗലാപുരത്ത് യുവതികള്‍ സ്വിമിങ് പൂളില്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും മാനേജരും അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമയായ മനോഹരനും മാനേജര്‍ ഭരതനുമാണ് അറസ്റ്റിലായത്.
ഉള്ളാല്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും റദ്ദാക്കുകയും ചെയ്തു. റിസോര്‍ട്ട് പൂട്ടി സീല്‍ വെക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് സ്വിമിങ് പൂള്‍ നിര്‍മിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് നടപടി.
മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു. ഇന്നലെ (ഞായറാഴ്ച) 10 മണിയോടെയാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് അന്നേരം തന്നെ ലഭിച്ചിരുന്നു. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Content Highlight: Mangaluru swimming pool drowning death, manager and resort owner arrested