മംഗളുരു: മംഗളുരുവില്‍ മുസ്ലിം പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്ന അവകാശവാദവുമായി ഹിന്ദുത്വ വാദികള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെയാണ് വിദ്വേഷ പ്രചരണം.
800 വര്‍ഷം പഴക്കമുള്ള മസ്ജിദില്‍ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്നാണ് വി.എച്ച്.പി, ബജ്രംഗ് ദള്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് പറന്നു. പൊളിക്കുന്നതിനിടെ ഹിന്ദു ശൈലിയിലുള്ള കൊത്തുപണികള്‍ വെളിപ്പെട്ടെന്ന് വി.എച്ച്.പിയും അവകാശപ്പെട്ടു.
അടയാളങ്ങള്‍ കണ്ടെത്തിയതായി പ്രശ്നം വെച്ച മലയാളി ജ്യോതിഷി ഗോപാലകൃഷ്ണ പണിക്കര്‍ അവകാശപ്പെട്ടു. മസ്ജിദില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള രാമാഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു ചടങ്ങ്. പ്രദേശങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്നം നോക്കുന്ന ദിവസം പള്ളിക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.