| Wednesday, 19th February 2020, 6:31 pm

മംഗ്‌ളൂരു വെടിവെപ്പ്: വീഴ്ച്ച മറക്കാന്‍ നിരപരാധികള്‍ക്കെതിരെ നടപടിയെടുത്തു; പൊലീസിനെതിരെ കര്‍ണ്ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്‌ളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗ്‌ളൂരുവില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് കോടതി വിമര്‍ശിച്ചു. പൊലീസിന്റെ വീഴ്ച്ച മറച്ചുവെക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നും കോടതി പറഞ്ഞു.

പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ 22 പേര്‍ക്ക് ജാമ്യം അുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരുലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസുകാര്‍ കല്ലെറിയുന്നത് പരാതിക്കാര്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കോടതി പറഞ്ഞു.

2019 ഡിസംബര്‍ 19 നായിരുന്നു മംഗ്‌ളൂരുവില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായത്. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. മംഗ്ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലായിരുന്നു വെടിവെപ്പുണ്ടായത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്‌ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്‌ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more