കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
അതേസമയം വെടിവെപ്പില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ട്രെയിനുകളും തടഞ്ഞു. കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു.
തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും റോഡില്‍ ടയര്‍ കത്തിക്കുകയും ചെയ്തു.
മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗ്ളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.