കൊച്ചി: ഹൃദയ ശസ്ത്രക്രിയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോയ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിച്ചത്. ഉദുമ സ്വദേശിയായ ഹസന്‍ ആണ് ആംബുലന്‍സ് ഇത്രയും വേഗം കുട്ടിയെ കൊച്ചിയിലെത്തിച്ചത്.
അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കായിരിക്കും കുഞ്ഞിന്റെ ചികിത്സ ചുമതല. ആരോഗ്യമന്ത്രി കെ.കെ ശൈലജ വിഷയത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കാസര്‍കോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സന്‍ യാത്ര പുറപ്പെട്ടത്. ഉദുമ സി.എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ട് പോകുന്നത്
കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ എയര്‍ലിഫ്റ്റിംഗ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് റോഡ് മാര്‍ഗം കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാന്‍ തീരുമാനിച്ചത്.