| Saturday, 11th November 2017, 1:28 pm

മംഗളം ചാനലില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; സമരം തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടെന്ന് ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: മംഗളം ചാനലിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒരു വിഭാഗം ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതാണ് കാരണം. ചീഫ് കോഡിനേറ്റിംഗ് എഡിറ്റര്‍ എം.ബി സന്തോഷിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം. ഇതുവരെയായി ശമ്പളം വര്‍ദ്ധിപ്പിക്കുകയോ നിയമന ഉത്തരവ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.

ഇന്ന് രാവിലെ പത്ത് മണിക്കാണ് എം.ബി സന്തോഷിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന വാശിയിലാണ് ജീവനക്കാര്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കിലെ ജീവനക്കാരും തിരുവനന്തപുരം ന്യൂസ് ബ്യുറോയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാണ്.

ഹണിട്രാപ് വിവാദത്തില്‍ മാറി നില്‍ക്കേണ്ടി വന്ന ചാനലിന്റെ മുന്‍ സി.ഒ.ഒ അജിത് കുമാറിന് പകരം വന്ന് സുനിത ദേവദാസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സമരത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതെസമയം, ജീവനക്കാരുടെ പ്രശ്നമെന്താണെന്ന് മാനേജ്മെന്റിനെ അറിയിച്ചിട്ടില്ലെന്നും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാണെന്നുമാണെന്ന് മംഗളം സി.ഒ.ഒ സുനിത ദേവദാസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more