തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ ചാനല്‍ മേധാവിയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആദ്യ പേജില്‍ കറുപ്പടിച്ച് മംഗളം ദിനപത്രം. ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പ് സമീപനത്തില്‍ പ്രതിഷേധിക്കുന്നെന്ന് പറഞ്ഞ് കൊണ്ടാണ് മംഗളം ആദ്യ പേജില്‍ കറുപ്പടിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
മംഗളം ചാനലിന്റെ ആദ്യ ദിവസമായിരുന്നു മന്ത്രിയുടേതെന്ന പേരില്‍ ചാനല്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരുന്നത്. പരാതി പറയാനെത്തിയ വീട്ടമ്മയോട് മന്ത്രിയുടെ സംഭാഷണം എന്ന പേരിലായിരുന്ന ചാനല്‍ വാര്‍ത്ത കൊണ്ടു വന്നത്. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് വീട്ടമ്മയല്ല ചാനല്‍ പ്രവര്‍ത്തകയാണ് വാര്‍ത്തയ്ക്ക് പിന്നില്ലെന്ന് ചാനല്‍ തുറന്നു പറയുന്നത്.
കേസില്‍ മംഗളം സി.ഇ.ഒ അജിത്കുമാര്‍ അടക്കം അഞ്ച് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇവരെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അജിത് കുമാര്‍, എം.ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ്, കെ ജയചന്ദ്രന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റു മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്നാണ് മംഗളം നിലവില്‍ ആരോപിക്കുന്നത്.