വീണ്ടും ന്യായീകരണവുമായി സി.ഇ.ഒ; വാര്‍ത്ത ചെയ്ത രീതി വെളിപ്പെടുത്തിയില്ല എന്നതുമാത്രമാണ് വീഴ്ചയെന്ന് വാദം
Kerala
വീണ്ടും ന്യായീകരണവുമായി സി.ഇ.ഒ; വാര്‍ത്ത ചെയ്ത രീതി വെളിപ്പെടുത്തിയില്ല എന്നതുമാത്രമാണ് വീഴ്ചയെന്ന് വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 1:31 pm

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടതിനെ ന്യായീകരിച്ച് മംഗളം സി.ഇ.ഒ വീണ്ടും രംഗത്ത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് വാര്‍ത്ത ശേഖരിച്ചതെന്ന കാര്യം പറഞ്ഞില്ലെന്നതു മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്നു വന്ന പിഴവെന്നാണ് സി.ഇ.ഒ അജിത് കുമാര്‍ ഇപ്പോള്‍ പറയുന്നത്.

മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമാണ് കൃത്യം നടത്തിയെന്നും ഒരു വനിതാ മാധ്യമപ്രവര്‍ത്തക സ്വയം തയ്യാറായി മുന്നോട്ടു വരികയായിരുന്നു എന്നും ഈ നടപടി തെറ്റായിപ്പോയെന്നും പറഞ്ഞാണ് മംഗളം സി.ഇ.ഒ കഴിഞ്ഞദിവസം ഖേദപ്രകടനം നടത്തിയത്.


Must Read: ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ എനിക്കാവില്ല: മംഗളത്തിലെ ജോലി രാജിവെക്കുന്നതായി ഡ്രൈവര്‍


ഇതിനു പിന്നാലെ ഈ വിഷയത്തില്‍ മംഗളം ചാനല്‍ മേധാവി അടക്കം ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും തങ്ങളുടെ വാര്‍ത്തയെ ന്യായീകരിച്ച് സി.ഇ.ഒ രംഗത്തുവന്നിരിക്കുന്നത്.

സ്റ്റിങ് ഓപ്പറേഷന്‍ സാധുമായ മാധ്യമ രീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന വാദമുയര്‍ത്തിയാണ് മംഗളം തങ്ങളുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. മംഗളം പുറത്തുവിട്ട വാര്‍ത്തയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പ്രസക്തിയില്ല എന്നവാദമാണ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അജിത്കുമാര്‍ ആവര്‍ത്തിച്ചത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് അത് ചെയ്ത രീതി വെളിപ്പെടുത്തിയില്ല എന്നതു മാത്രമാണ് തങ്ങളുടെ വീഴ്ചയെന്നാണ് അദ്ദേഹത്തിന്റെ ന്യായവാദം.


Don”t Miss: ‘നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍’; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍ 


ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് ചാനല്‍ മേധാവി അടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.ടി ആക്ട്, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.