കൊച്ചി : മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനല്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ട കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
ഒന്നാം പ്രതിയും മംഗളം സി.ഇ.ഒയുമായ അജിത് കുമാര്‍, രണ്ടാം പ്രതി ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേ സമയം കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികള്‍ക്ക് ജാമ്യവും ആറു മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
മന്ത്രി ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡുകള്‍ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രധാന പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
സംഭവത്തില്‍ മംഗളം ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് മന്ത്രിയെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെയടക്കം പുറത്തുവിട്ടു തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് മംഗളം ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫോണ്‍ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. മന്ത്രി പരാതി പറയാനെത്തിയ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റെ ഓഡിയോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആദ്യം ഇത് പുറത്തുവിട്ടത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ
മാധ്യമപ്രവര്‍ത്തകയെ ഉപയോഗപ്പെടുത്തി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു ഇതെന്ന് ചാനല്‍ തന്നെ സമ്മതിച്ച് ഖേദം പ്രകടനം നടത്തുകയായിരുന്നു.