മൗനനൊമ്പരം തീര്‍ത്ത മാലിക് | മനേഷ്
Malik
മൗനനൊമ്പരം തീര്‍ത്ത മാലിക് | മനേഷ്
മനേഷ്
Monday, 26th July 2021, 7:44 pm
ഏതൊരക്രമവും മുറിവാണ്. വ്യക്തിയില്‍ ആദ്യം മുറിവുണ്ടാക്കും. വ്യക്തി കുടുംബത്തിലും സമൂഹത്തിലും മുറിവുണ്ടാക്കും. പരസ്പരം ചിരിക്കാത്ത മനുഷ്യരാകും. മനസ്സില്‍ പകയെ പുകച്ചുകൊണ്ടേയിരിക്കും. പുകഞ്ഞുപുകഞ്ഞ് നീറി അത് ഭയമായും രോഗമായും ശരീരത്തിലനുഭവിക്കും. ഒരു നാള്‍ ആ പുകച്ചില്‍ തീയായി പടര്‍ന്നേക്കാം. അങ്ങനെ പടര്‍ത്തിയ തീയാണ് ഓരോ കലാപവും.

ചിരിക്കാന്‍ മറന്നുപോയ മനുഷ്യരുടെ കൂട്ടങ്ങളെയാണ് ഓരോ അക്രമങ്ങളും ഉണ്ടാക്കിയെടുക്കുന്നത്. വ്യക്തിതാത്പര്യങ്ങളെ ഒരു സമൂഹത്തിന്റെ മുഴുവനുമാക്കിയെടുക്കാന്‍ കഴിയുന്ന ചില തന്ത്രങ്ങളായിരിക്കും ഇതിനൊക്കെ പിന്നിലായിട്ടുണ്ടാവുക. അറിഞ്ഞോ അറിയാതെയോ ഇതിനകത്ത് ചെന്ന് വീഴുന്നതില്‍ കൂടുതലും സാധാരണ മനുഷ്യരായിരിക്കും.

അവര്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാന്‍ ഒട്ടും സമയമുണ്ടാവണമെന്നില്ല. ചിന്തിക്കാത്ത മനുഷ്യരെ വികാരങ്ങളും ആഗ്രഹങ്ങളുമാണ് എപ്പോഴും ഭരിക്കുക. അതിന് ഭരണകൂടത്തിന്റെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, സംസ്‌കാരത്തിന്റെയോ പിന്‍ബലമുണ്ടാക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും.

ചില ശബ്ദങ്ങള്‍ ജന്തുക്കളില്‍ പരിഭ്രമവും അത്മൂലം അക്രമവാസനയും ഉണ്ടാക്കാറുണ്ട്. മനുഷ്യരും അതില്‍ നിന്നും ഒട്ടും ഭിന്നമല്ല. പലതരത്തിലുമുള്ള വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ ഉണ്ടാക്കിയെടുത്ത പ്രകമ്പനം കൊള്ളിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം വിളികളോ, ശബ്ദങ്ങളോ കേള്‍ക്കുമ്പോള്‍ വിചാരത്തിന് സമയമില്ലാത്ത അവസ്ഥ വന്നുചേരുന്നു. കൈയ്യില്‍ കിട്ടിയതെന്തുമെടുത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയോ, മറുഭാഗത്തുള്ള മനുഷ്യര്‍ക്ക് നേരെ അക്രമം ചെയ്യുകയോ ചെയ്യും. അവിടെ നമ്മള്‍ ഇല്ലാതാവും. നമ്മള്‍ അന്യരായി മാറും. ഭരണകൂടവും നിയമസംവിധാനവും അതില്‍ നിന്ന് വ്യത്യസ്തമാകണമെന്നില്ല.

ഏതൊരക്രമവും മുറിവാണ്. വ്യക്തിയില്‍ ആദ്യം മുറിവുണ്ടാക്കും. വ്യക്തി കുടുംബത്തിലും സമൂഹത്തിലും മുറിവുണ്ടാക്കും. പരസ്പരം ചിരിക്കാത്ത മനുഷ്യരാകും. മനസ്സില്‍ പകയെ പുകച്ചുകൊണ്ടേയിരിക്കും. പുകഞ്ഞുപുകഞ്ഞ് നീറി അത് ഭയമായും രോഗമായും ശരീരത്തിലനുഭവിക്കും. ഒരു നാള്‍ ആ പുകച്ചില്‍ തീയായി പടര്‍ന്നേക്കാം. അങ്ങനെ പടര്‍ത്തിയ തീയാണ് ഓരോ കലാപവും.

വ്യക്തിതാല്പര്യങ്ങളെ ഭരണസമൂഹത്തിന്റെതോ പൗരസമൂഹത്തിന്റെതോ ആക്കി മാറ്റുന്ന ജാലവിദ്യ അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. യാതൊരു തത്വദീക്ഷയുമില്ലാതെ രാജ്യങ്ങളെ വെട്ടിമുറിച്ച് അധികാരം പങ്കുവെക്കുന്നത് മുതല്‍ ഇങ്ങനെയുള്ള ചോരപ്പാടുകള്‍ കാണാം. എവിടെയും അധികാരവും കച്ചവടതാല്പര്യവും ഉണ്ടാക്കിയെടുക്കുന്ന ലാഭനഷ്ടങ്ങള്‍ സമൂഹത്തിന്റെതായി മാറുകയും ചെയ്യും.

അത് സമൂഹത്തിലെ ചില പ്രത്യേകവിഭാഗങ്ങളുടേതാക്കി മാറ്റും. അവരെ കോളനികളിലാക്കി എല്ലാ കാലത്തേക്കും സൂക്ഷിക്കും. കാലമെത്ര കഴിഞ്ഞാലും അത് പുകയായി ഉള്ളിലവശേഷിപ്പിക്കാന്‍ കോളനികളിലാക്കിയവരില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ഒരു കളിയാണിത്.

മാലിക് ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരു നേതാവിനെ, മാലിക്കിനെ വേണം. അധികാരമുള്ളവരും നഷ്ടപ്പെട്ടവരും മുതലിനെ, ലാഭത്തെ, നഷ്ടത്തെ ലാളിച്ചുകൊണ്ടേയിരിക്കും. മനസ്സ് അതിന് കലഭേദമില്ലാത്തതാക്കുകയും ചെയ്യുന്നു. തലമുറകളായി ആ മനസ്സിനെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

പ്രത്യേകതരം ഇച്ഛകളെ അത് വാര്‍ത്തെടുക്കുന്നു. ഇച്ഛയാണ് ഏതിന്റെയും ആധാരം. അക്രമവാസനയും ഇച്ഛയാണ്. ആ വാസന കൈമാറി വന്നതിന്റെ നിണച്ചിന്തുകള്‍ രാജ്യത്തിനകത്ത് ഇന്നും കാണാവുന്നതാണ്. അതിന്റെ പുകച്ചുരുളുകള്‍ വികാരജീവികളില്‍ ഒരേ മാത്രയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ശരീരഭാഷയില്‍ തന്നെ അവര്‍ ഏറെ വ്യത്യസ്തരാണ്. അധികാരികള്‍ക്ക് മുന്നില്‍ കൈകൂപ്പിയും ജീവിതഭാരമെടുത്തും ശരീരം ക്ഷീണിച്ചവരായി, എല്ലാ വികാരവിചാരങ്ങളുടെയും രണ്ടറ്റം മാത്രമായി മാറിയ ജീവിതങ്ങള്‍. ഇടുങ്ങിയ സാഹചര്യങ്ങളില്‍ അവരുടെ വേദനകളെ താലോലിക്കുന്നവര്‍. ആ ശരീരങ്ങളിലുണ്ടാകുന്ന ആവേഗങ്ങളെ അതേപോലെ പകര്‍ത്തിയാടാന്‍ അല്ലെങ്കില്‍ അവരായി ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് മാലിക്കിലെ കഥാപാത്രങ്ങളില്‍ നിന്നനുഭവമായത്.

ശബ്ദം എത്രമാത്രം നമ്മളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമ അനുഭവിച്ചവര്‍ക്ക് മനസ്സിലാകും. ശബ്ദങ്ങള്‍ ഒരു കൂട്ടം ജനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം ഒറ്റമനസ്സാണ്. തുടക്കത്തില്‍ ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ വികാരത്തിന് മുകളില്‍ നിന്ന് തന്റെ ബോധത്തെ അടിച്ചേല്‍പിക്കാന്‍ കഴിയുന്ന പ്രബലത. ഒരു ഇന്ദ്രജാലം. ഇതില്‍ മതമെന്നോ രാഷ്ട്രീയമെന്നോ സര്‍ക്കാരെന്നോ എന്നൊന്നും വ്യത്യാസമില്ല. ഗോത്രമനുഷ്യരുടെ മനസ്സ് അല്ലെങ്കില്‍ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ഗോത്രകാലജീവിതത്തിന്റെ ഓര്‍മകള്‍ ഇത്തരം നിമിഷങ്ങളില്‍ പുറത്തേക്ക് വമിക്കും.

ഗോത്ര സ്വഭാവത്തിനിണങ്ങിയ കഥാപാത്ര നിര്‍മിതിയാണ് മാലിക്കിനെ വ്യത്യസ്തമാക്കുന്നത്. ശരീരഭാഷയില്‍ എല്ലാമുള്ള സിനിമയായിരുന്നു മാലിക്. വഴക്കമുള്ള മാലിക്കുമാര്‍ പുതിയ കച്ചവടത്തിന് എപ്പോഴും മുന്‍കൈയെടുക്കും. വഴക്കം നഷ്ടപ്പെട്ട മാലിക്കുമാരുടെ ശരീരഭാഷ. ഏത് പ്രതിസന്ധിയിലും അവര്‍ നിലനില്പിനായി ശ്രമിക്കുന്നു. നിലനില്പിനായി സമൂഹങ്ങള്‍ നടത്തുന്ന ചെറുത്തുനില്പാണ് മാലിക്കില്‍ ഉടനീളം കാണാന്‍ കഴിയുക. അധിനിവേശവും ചെറുത്തുനില്പും. കൈയ്യേറാന്‍ വരുന്നവര്‍ക്ക് നേരെയുള്ള ചെറുത്തുനില്പിനെ ഇന്നിന്റെ തീരദേശ വികസനനയത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വായിക്കണം.

മറ്റുള്ളവര്‍ തീരം കൈയ്യേറുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ചെറുത്തുനില്‍ക്കുന്ന മനുഷ്യര്‍. മുഖ്യധാരയില്‍ നിന്നും ഓരം ചേര്‍ത്ത് മാറ്റിനിര്‍ത്തപ്പെട്ടവര്‍. മതങ്ങളിലെ അധസ്ഥിതരെന്ന് സര്‍ക്കാറിന്റെ കണക്കിലുള്ളവര്‍. പുതിയ വിശ്വാസങ്ങളിലേക്ക് മാറി ജീവിതം നന്നാക്കാന്‍ ശ്രമം നടത്തിയ കടലിന്റെ മക്കള്‍. ഇന്നും പൊതുസമൂഹത്തില്‍ പരാജയപ്പെട്ടവരെന്നും ജീവിക്കാന്‍ അറിയാത്തവരെന്നും പരിഹാസമേല്‍ക്കുന്നവര്‍. ഇത് ഭൂരിഭാഗം കലാപഭൂമികളുടെയും പ്രത്യേകതയാണ്. ഇവര്‍ക്കു വേണ്ടിയും അവനവന് വേണ്ടിയും ചെറുത്തുനില്‍ക്കാന്‍ അക്കൂട്ടത്തില്‍ നിന്ന് തന്നെ ഒരാള്‍ കടന്നുവരുന്നു.

പ്രകൃതി നിയമം പോലെ അത് സംഭവിക്കും. അവരോട് മര്യാദയുടെ ഭാഷ സംസാരിക്കാന്‍ പറയാന്‍ നമുക്ക് യോഗ്യതയില്ല. കാര്‍ക്കശ്യമുള്ള സംസാരവും ശരീരഭാഷയുമായിരിക്കും അവര്‍ക്ക്. ഫഹദിന്റെ സുലൈമാന്‍ എന്ന അലീക്ക അങ്ങനെയൊരാളായിരുന്നു. ഒരു മിന്നായം പോലെ ചിരിവന്ന് മാഞ്ഞുപോകുന്ന മനുഷ്യന്‍. ചിരിക്കരുതെന്ന് ഉള്ളില്‍ നിന്ന് ആരോ ഓര്‍മ്മപ്പെടുത്തുന്നൊരാളെ പോലെ ജീവിച്ചയാള്‍. ഗോഡ്ഫാദറിലെ മൈക്കല്‍ കോര്‍ലോണിനെ പോലെ.

സിനിമയിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റുമുള്ളവരെ പോലെ തോന്നുന്നത് തികച്ചും സ്വാഭാവികം- ദിലേഷ് പോത്തന്റെ വേഷം അത്തരത്തിലൊന്നായിരുന്നു. നല്ല വഴക്കമുള്ള എന്നാല്‍ ജന്മനാ ഉള്‍ഭയം പേറുന്ന ഒരാളായി. നമുക്ക് ചുറ്റുമുള്ള വിജയിച്ച മനുഷ്യരെന്ന് വിളിക്കപ്പെടുന്ന ഒരാളായി, ദല്ലാളായി, രാഷ്ട്രീയക്കാരനായി, ജനപ്രതിനിധിയായി, മന്ത്രിയായി. ഓരോയിടത്തും എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ വേണമെങ്കില്‍ ഇത്തരം കഥാപാത്രങ്ങളെ കണ്ട് പഠിക്കാവുന്നതാണ്. ചുറ്റിലുമൊന്ന് തിരിഞ്ഞുനോക്കിയാല്‍ ഇക്കൂട്ടരെ നമുക്ക് എവിടെയും കാണാന്‍ കഴിയും. തികച്ചും യാദൃശ്ചികം എന്ന് പറയുന്ന വാസ്തവം അതാണ്.

പൊലീസുകാരുടെ ശരീരഭാഷ ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നത് തന്നെയാണ്. ശരിതെറ്റുകള്‍ നോക്കാതെ കുറ്റബോധമില്ലാതെ കര്‍ത്തവ്യം നടപ്പാക്കുകയെന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. യാന്ത്രികമായി അങ്ങനെ പറ്റാതാകുമ്പോഴാണ് വാര്‍ത്തകളും രഹസ്യങ്ങളും ചോരാന്‍ തുടങ്ങുന്നത്. ശരിതെറ്റുകളുടെ സംഘര്‍ഷം അത് നടപ്പാക്കാന്‍ വിനിയോഗിക്കുന്ന ജീവനക്കാര്‍ക്കാണ്. ജോജുവിന്റെ ഡെപ്യൂട്ടി കലക്ടര്‍ മുതല്‍ എല്ലാറ്റിനും സാക്ഷിയായി മാത്രമിരിക്കാന്‍ വിധിക്കപ്പെട്ട പ്രതികരണശേഷിയില്ലാതാക്കപ്പെട്ട സ്വസ്ഥമല്ലാത്ത നിയമസംവിധാനവും ഉദ്യോഗസ്ഥവൃന്ദവും.

അസ്വസ്ഥമായ അവരുടെ ലോകം ജയിലിനകത്തെ വര്‍ത്തമാനത്തിലും മൗനത്തിലും നോട്ടത്തിലും ചലനത്തിലും വരെ കാണാന്‍ കഴിയുന്നു. ആ ഭാവം ഒട്ടും ചോര്‍ന്നുപോകാതെ പൊലീസ് വേഷമിട്ട ഇന്ദ്രന്‍സും, രാജേഷ് ശര്‍മയുമുള്‍പ്പെടെ ഓരോരുത്തരും കൈകാര്യം ചെയ്ത രീതി. നിലവിളികളും ഞരക്കങ്ങളും സംസാരങ്ങളും, ഇരുമ്പഴികള്‍ തുറക്കുമ്പോഴും അടക്കുമ്പോഴുമുണ്ടാകുന്ന ഭീകരതയുടെ സീല്‍ക്കാരങ്ങളും ടാഡ ജയിലിന്റെ അന്തരീക്ഷത്തെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ജയിലിനകത്തെ അരണ്ട പ്രകാശക്രമീകരണത്തിലൂടെ കാരാഗൃഹത്തിന്റെ വിഹ്വലതയെ അനുഭവമാക്കുന്നതില്‍ രംഗമൊരുക്കിയവരും അതൊപ്പിയെടുക്കുന്നതില്‍ ഛായാഗ്രാഹകനും പൂര്‍ണമായി വിജയിച്ചിട്ടുണ്ട്.

സംഭവങ്ങള്‍ ഓരോരുത്തരുടെയും കണ്ണുകളില്‍ വെവ്വേറെ കാഴ്ചകളാണ് ഒരുക്കുന്നത്. ഫഹദിന്റെ യാത്രയിലൂടെ തുടങ്ങുന്ന സിനിമ മറ്റൊരു യാത്രയില്‍ അവസാനിപ്പിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ഒരാളുടെ കാഴ്ചയല്ല മറ്റൊരാളുടേത്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാഴ്ചയെ പാസ്സിംഗ് വിഷ്വലാക്കി ചിത്രീകരിച്ചെങ്കിലും അതവരിലുണ്ടാക്കിയ നടുക്കം ജയില്‍ ഡ്യൂട്ടി ഡോക്ടറുടെ സ്വസ്ഥതയില്ലാത്ത ചലനം രേഖപ്പെടുത്തുന്നുണ്ട്.

കുട്ടിക്കാലത്തുണ്ടാകുന്ന മുറിവുകള്‍ കാഴ്ചയിലൂടെയോ, കേള്‍വിയിലൂടെയോ മാത്രമല്ല ശാരീരികവും മാനസികവുമായി ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ ജീവിതാവസാനം വരെ പേറുന്നവരാണ് നമോരോരുത്തരും. ക്ലാസ്മുറിയിലെ, സ്‌കൂളിനകത്തെ അക്രമങ്ങള്‍ പല വിധത്തില്‍ ഇതിനുമുമ്പ് ചിത്രീകരിച്ചിട്ടുണ്ട്. തന്റെ പിതാവിന്റെ അപകടം ഉണ്ടാക്കിയ നടുക്കത്തെ ഷെര്‍മിന്‍ അന്‍വറെന്ന ജയില്‍ ഡോക്ടറോളം വേറൊരു ചിത്രവും കൈകാര്യം ചെയ്തിട്ടില്ല എന്നു വേണമെങ്കില്‍ പറയാം.

ഫ്രഡ്ഡിയെന്ന വിദ്യാര്‍ത്ഥിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഫ്രഡ്ഡിയെപ്പോലെയുള്ളവരെ വിധിക്കാനെളുപ്പമാണ്. നിര്‍മ്മി ച്ചെടുക്കുവാനും. ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984-ല്‍ തടവറയിലൂടെ പീഡനത്തിലൂടെ ഒരാളെ എങ്ങനെ നിര്‍വീര്യമാക്കാം എന്ന് കാണിച്ചുതരുന്നുണ്ട്. അതുപോലെ ജയിലെന്ന അധികാര സംവിധാനം ശരീരപീഡനത്തിലൂടെ, മറ്റുവഴികളിലൂടെ എങ്ങനെ ഒരു അക്രമിയെ സൃഷ്ടിച്ചെടുക്കുന്നു എന്ന് സിനിമയില്‍ കാണാം.

സിനിമയിലേത് യാഥാര്‍ത്ഥ്യമല്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ജയില്‍ മേധാവിയായി വേഷമിട്ട ജോളി ചിറയത്ത് ഒരാളെ വിധിച്ച് കുറ്റവാളിയാക്കുന്ന സംഭാഷണമുണ്ട്. അടിപറ്റി ജീവിക്കുന്ന മുഴുവന്‍ ജനങ്ങളെയും മേല്‍ത്തട്ടില്‍ ജീവിക്കുന്നവരുടെ കാഴ്ചപ്പാടാണത്. സനല്‍ അമന്‍ ചെയ്ത ഫ്രഡ്ഡിയെന്ന കഥാപാത്രത്തെ പോലുള്ളവര്‍ അമര്‍ഷവും പ്രതികാരവുമായി ഇന്നും നമുക്കിടയിലുണ്ട്.

പൂര്‍ണമായും പരാജയപ്പെട്ടവര്‍ അവരെ അടയാളപ്പെടുത്താന്‍ നിരന്തരം എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും. വിനയ് ഫോര്‍ട്ടിന്റെ ഡേവിഡെന്ന കഥാപാത്രം അതാണ്. ചോദ്യങ്ങളെ ഭയപ്പെടുന്നവരായി തലകുനിച്ച് ലഹരികളില്‍ ജീവിതം നീക്കുന്നവര്‍. അതാണ് ഡേവിഡെന്ന വേഷം. സിനിമയില്‍ പറയുന്നത് റമദാന്‍ പള്ളിയാണെങ്കില്‍ ബീമാപള്ളി വെടിവെപ്പിനും വേറൊരു ഡേവിഡാണ് പ്രത്യക്ഷത്തില്‍ തുടക്കക്കാരനാകുന്നത്. ഓരോ ചലനത്തിലും നോട്ടത്തിലും മറ്റുള്ളവര്‍ക്കിടയില്‍ ആളാകാന്‍ കൊതിക്കുന്ന പ്രവണത കാത്തുസൂക്ഷിക്കുന്ന ഒരാള്‍.

റോസ്‌ലിന്‍ എന്ന നിമിഷ സജയന്റെ കഥാപാത്രം ശരീരഭാഷയിലൂടെ തന്നെ വ്യത്യസ്തതയുടെ മികവ് പുലര്‍ത്തുന്നു. ജലജയുടെ ജമീലയെന്ന വേഷവും നഷ്ടപ്പെടലിന്റെയും അമര്‍ഷത്തിന്റെതുമാണ്. മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന ശരീരത്തില്‍ പേറി നടക്കുന്ന രണ്ടുപേരാണെങ്കിലും നിമിഷയുടെയും ജലജയുടെയും കഥാപാത്രങ്ങള്‍ സംവേദിപ്പിക്കുന്നത് നിരാശയും അമര്‍ഷവുമാണ്. തങ്ങളെ സംരക്ഷിക്കപ്പെടേണ്ടവര്‍ വിപരീത ദിശയില്‍ പ്രവര്‍ത്തിച്ചതിന്റെ ഇരകളായി.

വേഷമിട്ട ഓരോരുത്തരും അവരെ അടയാളപ്പെടുത്തിയ സിനിമയാണ് മാലിക്. ഇതില്‍ പോരായ്മകളുണ്ടാകാം. പക്ഷെ സിനിമയിലെ പരാമര്‍ശത്തേക്കാള്‍ നമ്മില്‍ നോവായിരിക്കുന്നത് ഇതുപോലുള്ള നിരവധി കലാപങ്ങളില്‍ അശരണരാക്കപ്പെട്ടവരായിരിക്കും. എത്രയെത്ര കലാപങ്ങള്‍ നമുക്ക് ചുറ്റും. ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുമ്പോഴാണ് സാധാരണ ജനങ്ങള്‍ പ്രതികരണവുമായിറങ്ങുന്നത്. അതിന് പിറകില്‍ കാരണമായി നില്ക്കുന്നത് കാര്യപ്രാപ്തിയില്ലാത്ത സംവിധാനങ്ങള്‍ തന്നെയാണ്. മാലിക് സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാന്‍, പരാജയപ്പെട്ട ഒരു ജനതയായി മാറാതിരിക്കാന്‍ വീണ്ടുവിചാരങ്ങള്‍ നമ്മെ നയിക്കട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manesh writes about Malik Movie