| Wednesday, 30th October 2024, 11:46 am

ദേവന്‍ കുപ്ലേരി എന്ന കഥാപാത്രം എനിക്ക് തന്നപ്പോള്‍ നജീം കോയ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ: മനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോട്‌സ്റ്റാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. നീന ഗുപ്ത, റഹ്‌മാന്‍, സഞ്ജു ശിവറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരീസില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ദേവന്‍ കുപ്ലേരി. മനേഷ് മനുവാണ് ദേവനായി വേഷമിട്ടത്. ലാല്‍ സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെയാണ് മനു സിനിമാലോകത്തേക്കെത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മനേഷിന് സാധിച്ചു. ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനുവിന് കിട്ടിയ മികച്ചൊരു കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. പാലക്കാട്ടെ രാഷ്ട്രീയനേതാവായി മികച്ച പ്രകടനമാണ് മനു കാഴ്ചവെച്ചത്. സീരീസിന്റെ സംവിധായകന്‍ നജീം കോയ തന്നെ ആ കഥാപാത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മനു.

സീരീസിന്റെ കഥ വായിച്ച പലരും ദേവന്‍ കുപ്ലേരി എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഫ്രൈഡേയിലെ തന്റെ നായകനായ മനുവാണെന്ന് നജീം കോയ പലരോടും പറഞ്ഞിരുന്നുവെന്ന് മനു പറഞ്ഞു. തന്നെക്കൊണ്ട് അത് തിരുത്തി പറയിപ്പിക്കരുത് എന്ന് നജീം കോയ തന്നോട് പറഞ്ഞിരുന്നുവെന്നും മനു പറഞ്ഞു.

ആ സീരീസിലെ തന്റെ ആദ്യ സീന്‍ കോട്ടമൈതാനത്തെ പ്രസംഗമായിരുന്നുവെന്നും ലെങ്തി ആയിട്ടുള്ള ഡയലോഗ് പാലക്കാടന്‍ സ്ലാങ്ങില്‍ എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് നജീമിനോട് ചോദിച്ചിരുന്നുവെന്നും മനു പറഞ്ഞു. ഒരുപാട് കാലമായില്ലേ സിനിമക്ക് വേണ്ടി നടക്കുന്നു, ഇതൊക്കെ പറ്റുമെന്ന് കാണിച്ചുകൊടുക്ക് എന്നാണ് അപ്പോള്‍ മറുപടി ലഭിച്ചതെന്നും മനു  കൂട്ടിച്ചേര്‍ത്തു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു മനു.

‘സീരീസിന്റെ കഥ കേട്ട പലരും നജീമിക്കയോട് ചോദിച്ചത് ദേവന്‍ കുപ്ലേരിയെ ആര് ചെയ്യും എന്നായിരുന്നു. കാരണം, ഒരുപാട് പവര്‍ഫുള്ളായിട്ടുള്ള ക്യാരക്ടറാണ് അത്. അവരോടൊക്കെ നജീമിക്ക പറഞ്ഞത് ‘ഫ്രൈഡേയിലെ എന്റെ നായകന്‍ മനുവാണ് ദേവന്റെ ക്യാരക്ടര്‍ ചെയ്യുന്നത്’ എന്നായിരുന്നു. അത് കഴിഞ്ഞ് ഇക്കാര്യം പുള്ളി എന്നോട് പറഞ്ഞിരുന്നു. ‘എന്നെക്കൊണ്ട് ഇത് തിരിച്ച് പറയിക്കാന്‍ ഇടവരുത്തരുത്’ എന്ന് എന്നോട് സൂചിപ്പിച്ചു.

ഇതിലെ ഏറ്റവും വലിയ ടാസ്‌ക് പാലക്കാടന്‍ സ്ലാങ്ങായിരുന്നു. ഫസ്റ്റ് ഡേ എന്റെ ആദ്യ സീന്‍ എന്നു പറയുന്നത് ആ പ്രസംഗമാണ്. കോട്ടയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള ലെങ്തി ആയിട്ടുള്ള സ്പീച്ചായിരുന്നു അത്. ഡയലോഗ് വായിച്ചതിന് ശേഷം ഞാനെങ്ങനെ ഇത്രയും വലിയ ഡയലോഗ് പറയുമെന്ന് നജീമിക്കയോട് ചോദിച്ചു. ‘കുറേക്കാലമായില്ലേ സിനിമ എന്നും പറഞ്ഞ് നടക്കുന്നു, വായിച്ച് പഠിച്ച് ആരാണെന്ന് കാണിച്ചുകൊടുക്ക്’ എന്നാണ് നജീമിക്ക അപ്പോള്‍ പറഞ്ഞത്,’ മനു  പറയുന്നു.

Content Highlight: Manesh Krishnan about his character in 1000 babies

Latest Stories

We use cookies to give you the best possible experience. Learn more