national news
വരുണിനെ തള്ളി ബി.ജെ.പി; വരുണ്‍ ഗാന്ധി ബി.ജെ.പി വിടുമോയെന്ന് അറിയില്ലെന്ന് മേനക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 02, 07:16 am
Tuesday, 2nd April 2024, 12:46 pm

ന്യൂദല്‍ഹി: വരുണ്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കില്ലെന്ന് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച വരുണ്‍ പ്രചരണത്തിനിറങ്ങിയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെ കാരണം.

സുല്‍ത്താന്‍പൂരില്‍ മേനകയ്ക്കായി വരുണ്‍ ഗാന്ധി പ്രചരണത്തിനിറങ്ങുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മകനായ വരുണ്‍ ഗാന്ധി ബി.ജെ.പി വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് മേനക ഗാന്ധി പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ ഗാന്ധി വോട്ടര്‍മാര്‍ക്ക് വൈകാരികമായ കത്ത് പങ്കുവെച്ചിരുന്നു. സീറ്റ് നല്‍കിയില്ലെങ്കിലും പിലിഭിത്തില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എക്സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ വരുണ്‍ ഗാന്ധിയുടെ കത്ത് വൈറലായിരുന്നു.

എന്ത് വില നല്‍കേണ്ടി വന്നാലും പിലിഭിത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വത്തിനെതിരെ വരുണ്‍ ഗാന്ധി നിലവില്‍ കടുത്ത അതൃപ്തിയിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

എന്നാല്‍ 2014ലും 2019ലും പിലിഭിത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച വരുണ്‍ ഗാന്ധിക്ക് ഇത്തവണ സീറ്റ് നല്‍കാന്‍ ബി.ജെ.പി തയ്യാറായില്ല. പ്രചരണത്തിനിറങ്ങരുതെന്ന നിര്‍ദേശവും ബി.ജെ.പി വരുണ്‍ ഗാന്ധിക്ക് നല്‍കി.

Content Highlight: Maneka Gandhi says does not know if Varun Gandhi will leave BJP