ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് എന്ന സംഘി സൃഷ്ടിച്ച അനേകം ദുരിതങ്ങളൊന്നിനെ കൗ മെനസ് എന്ന് ആദ്യമായി വിളിച്ചത് മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്‍ ആണെന്ന് തോന്നുന്നു. ഫ്രണ്ട് ലൈന്‍ കവര്‍ സ്റ്റോറിയില്‍. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പശുപ്രശ്നം വിശദീകരിക്കാന്‍ ഇംഗ്ലീഷ് മീഡിയ ഉപയോഗിക്കുന്ന പദം. കൗ മെനസ് എന്ന് ടൈപ്പ് ചെയ്യുമ്പോഴേയ്ക്കും യു.പി.യിലെ ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും ഗൂഗിള്‍ തരും.
കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച, പശുദൈവ-മാതാ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തിമത്ഭാവമായ, യോഗി ആദിത്യനാഥ് എന്ന യു.പി. മുഖ്യമന്ത്രി അയാളുടെ വൃത്തികെട്ട സംഘി അജണ്ട നിറവേറ്റിയപ്പോള്‍ ഉണ്ടായ പ്രശ്നമാണ് പശുമൂലമുള്ള ദുരിതം. പ്രായമായ കന്നുകാലികളെ വില്‍ക്കാന്‍ കഴിയാത്ത യു.പി കര്‍ഷകര്‍ ചുറ്റി. പ്രായമായ കന്നുകാലികളെ വില്‍ക്കുന്ന വരുമാനം നിലച്ചുവെങ്കിലും കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ കന്നുകാലികളെ അവര്‍ ഉപേക്ഷിക്കാന്‍ തുടങ്ങി.
അങ്ങനെ ഉപേക്ഷിക്കപ്പെട്ട കന്നുകാലികളുടെ എണ്ണം ക്രമാതീയമായി പെരുകിയപ്പോള്‍ അവ തെരുവിലും പറമ്പിലും പാടത്തുമെല്ലാം അതിക്രമിച്ച് കടക്കാന്‍ തുടങ്ങി. കൃഷിഭൂമികള്‍ നിരന്തരം കന്നുകാലികളാല്‍ നശിപ്പിക്കപ്പെട്ടു. പകല്‍ മാത്രമല്ല, രാത്രിയും കര്‍ഷകര്‍ പണിയെടുക്കേണ്ടി വന്നു. രാത്രി ഉറക്കമൊഴിച്ചിരുന്ന് ‘ഓ ബേന്‍…ത്ത്’ എന്ന് വിളിച്ച് പശുമാതാവിനെ തല്ലിയാടിക്കാന്‍ തുടങ്ങി. ആ വിളിച്ചിരുന്നത് പശുവിനെയാണോ യോഗിയേ ആണോ എന്നത് അവര്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നു.
വലിയ കൃഷി ഭൂമിയുള്ളവര്‍ പാടങ്ങള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടി. അതറിയാതെ പാടത്തേയ്ക്ക് ഓടിക്കയറിയ പശുമാതാക്കള്‍ മുള്ളുവേലിയില്‍ മുഖവും വയറും കുടുങ്ങി ചോര വാര്‍ന്ന് രാത്രി തന്നെ മരിച്ചു. വഴിയില്‍ വണ്ടി ഓടിക്കാന്‍ പറ്റാതായി. പശുക്കൂട്ടങ്ങളിലിടിച്ച് വീണ് മനുഷ്യര്‍ മരിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റേയും ആരോഗ്യത്തിന്റേയും ജനക്ഷേമത്തിന്റേയും ബജറ്റ് വെട്ടിക്കുറച്ച് യോഗി യോശാലകളുണ്ടാക്കി. അതുകൊണ്ടും കൗ മെനസ് അവസാനിച്ചില്ല.
അഥവാ ഇരുമ്പ് മുള്ള് കുത്തിക്കേറി ഒരു പാടത്തിന്റെ നാല് വശത്ത് വയറും മുഖവും തൊണ്ടയും കീറി ചോരവാര്‍ന്ന് ഇഞ്ചിഞ്ചായി ചാവുന്ന പശുവിന്റെ ദൃശ്യങ്ങളും ക്രൂരമാണ് സാറുമ്മാരെ! യു.പിയില്‍ തന്നെയുള്ള മേനക ഗാന്ധിയെന്ന പരിസ്ഥിതി സംഘി അത് കാണില്ല. കണ്ടാലും അതവരെ വേദനിപ്പിക്കില്ല. വേദനിപ്പിച്ചാലും ഒരു മുസ്ലിമിനെ പോലും സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താതെ, മുസ്ലിം വിരുദ്ധ വിഷ പ്രചരണം നടത്തി ഭരണത്തിലേറിയ സംഘി ഭരണ സംസ്ഥാനത്തെ കാഴ്ച ഹിന്ദു മെജോരിറ്റി രാഷ്ട്രീയം ഉള്ളിടത്തെ കാഴ്ചയായി അവര്‍ക്ക് മനസിലാകില്ലല്ലോ. അവര്‍ക്കും സഹ സംഘികള്‍ക്കും. മുസ്ലീം വിരുദ്ധതയാല്‍ മറ്റൊരിടത്തെ ക്രൈമിന്റെ പേരില്‍ പോലും മലപ്പുറത്തിനിട്ട് കൊടുക്കുന്ന ഹരമില്ലല്ലോ അതിന്. വയലന്‍സിനെ കുറിച്ച് സംഘികള്‍ വിഷമിക്കുന്നത് പോലെ അശ്ലീലം വേറെയില്ല.
മറ്റൊന്നു കൂടി:
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജിന്റെ മുകളിലെട്ടുകോളത്തില്‍ ലോകം നടുങ്ങിയെന്നൊക്ക എഴുതിയെന്നൊക്കെ എഴുതി വലിയ സ്റ്റോറിയുണ്ട്. പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയെന്ന് വാര്‍ത്തയിലുണ്ടെങ്കിലും കേരളത്തിന്റെ മൊത്തം ക്രൈം എന്ന സ്വയം വിമര്‍ശനമുണ്ട്.
സത്യത്തില്‍ കേരളം മൊത്തം സ്വയം വിമര്‍ശിക്കേണ്ട കാര്യമൊന്നുമില്ല. വേണമെങ്കില്‍ മാതൃഭൂമിക്കാകാം സ്വയം വിമര്‍ശനം. ആനകളെ പീഡിപ്പിക്കുന്നതിനെ ഇത്രയധികം സപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റൊരു മാധ്യമമുണ്ടാകില്ല. പൂരത്തിന് ആനയില്ലാത്തതിന്റെ ബേജാറ്, പൂരത്തിനിറങ്ങാനാവാത്ത ആനയുടെ മനസ് വായിക്കുന്ന അതീന്ദ്രിയ ജ്ഞാനം, ആനപ്രേമികളെന്ന് സ്വയം വിളിക്കുന്ന പീഡകരുടെ പലതരം വൈകൃതങ്ങള്‍ എന്നിങ്ങനെ സാഹിത്യങ്ങളുടെ ഉറവിടം. ആനപ്രേമികള്‍ക്ക് വേണ്ടി തല്ലിയൊരു കണ്ണിന്റെ കാഴ്ച ഇല്ലാതാക്കിയ, അതിക്രൂര പീഡകള്‍ സഹിച്ചിട്ടിട്ടുള്ള, അനേകം മനുഷ്യരുടെ മരണത്തിന് കാരണമായിട്ടുള്ള ആനയുടെ സൗന്ദര്യം വര്‍ണ്ണിക്കുന്ന പെര്‍വേഷന്‍. കേരളത്തിന് മൊത്തം ഇങ്ങനെയൊരു ക്രൂരമനസില്ല. ക്രൈമിന്റെ പ്ലേസ് ഓഫ് ഒക്കറന്‍സ് എവിടെയാണ് എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ്.
ലോക് ഡൗണ്‍ കാലത്ത് വഴിയില്‍ മരിച്ച് വീണ ഇന്‍ലാന്റ് മൈഗ്രന്റ് തൊഴിലാളികളുടെ എണ്ണം ഇരുന്നൂറിലേറെയാണ്. നിങ്ങളുടെ സര്‍ക്കാരിന്റെ ശ്രമിക് തീവണ്ടികളില്‍ തന്നെ എണ്‍പതോളം പേര്‍. യുപിയാണ് ഇതിലെല്ലാം മുന്നില്‍. പക്ഷേ സംഘികളോട് മനുഷ്യത്വത്തെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലല്ലോ?
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ