| Friday, 4th August 2023, 8:03 am

ലിജോ ജോസ് പെല്ലിശ്ശേരിയെ ഇന്റര്‍വ്യൂ ചെയ്ത് കുടുങ്ങി പോയിട്ടുണ്ട്: മനീഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീഡിയോ ഇന്റവ്യൂ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ മനീഷ് നാരായണന്‍. അധികം സംസാരിക്കാത്തവരുടെ അഭിമുഖങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചെറിയ വാചകങ്ങളില്‍ അവര്‍ ഒതുക്കുമെന്നും മനീഷ് പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യമായി അഭിമുഖത്തില്‍ സംസാരിക്കുന്നവരെ മനസിലാക്കാന്‍ പറ്റും. നായകന്റെ സമയത്ത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യത്തെ ഇന്റര്‍വ്യൂ ചെയ്തത് ഞാനാണ്. സത്യം പറഞ്ഞാല്‍ ലിജോ അന്ന് ഇന്‍ര്‍വ്യൂവിന് വേണ്ടി വന്നതല്ല. ബാക്കിയുള്ള ആക്ടേഴ്‌സ് വന്നപ്പോള്‍ ലിജോയെ പിടിച്ചിരുത്തിയതാണ്. ലിജോയ്ക്ക് തന്നെ ഇത് ഓര്‍മയുണ്ടാവില്ല. ലിജോ എല്ലാ ചോദ്യത്തിനും ഒറ്റ വരിയാണ് ഉത്തരം നല്‍കുന്നത്, യെസ്. ഒരു കാര്യം ചോദിക്കുമ്പോള്‍ യെസ് എന്നൊക്കെ ഉത്തരം പറയും.

ഇന്ത്യാവിഷനിലായിരുന്ന സമയത്ത് ഇപ്പോഴുള്ള പ്രധാനപ്പെട്ട സംവിധായകരുടെ ആദ്യത്തെ ഇന്റര്‍വ്യൂ എടുത്തിരുന്നു. അവര്‍ പെട്ടെന്ന് സംസാരിച്ച് തീര്‍ക്കും. പിന്നെ ഒരു പ്രാവശ്യം റെക്കോഡ് ചെയ്ത് ആ ഇന്റര്‍വ്യൂ ഉപയോഗിക്കാതെ പിന്നെ കംഫര്‍ട്ടബിളായി വന്ന് വീണ്ടും ഇന്റര്‍വ്യൂ എടുക്കുന്നവരുണ്ട്. അവര്‍ വീഡിയോ ഇന്റവ്യൂവിനെ ഫേസ് ചെയ്യുന്നവരല്ലല്ലോ. ചിലപ്പോള്‍ അവര്‍ക്ക് ഒറ്റ ഫ്‌ളോവില്‍ സംസാരിക്കാന്‍ പറ്റുന്നുണ്ടാവില്ല.

എന്റെ ചോദ്യത്തിന് അത്യാവശം നല്ല നീളമുണ്ട്. അത് ഞാന്‍ കൂടി എന്നെ വിമര്‍ശിക്കുന്ന ഒരു കാര്യമാണ്. നാഷണല്‍ ഹൈവേ പോലെയുള്ള ചോദ്യമാണ്. സര്‍വീസ് റോഡിലൊക്കെ കേറി പോവും. ആ മട്ടില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം യെസ്. അപ്പോള്‍ കുടുങ്ങുന്ന കുടുങ്ങലുണ്ട്,’ മനീഷ് പറഞ്ഞു.

മമ്മൂട്ടിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘മമ്മൂക്കയുടെ ആദ്യത്തെ ഇന്റര്‍വ്യൂ ഒട്ടും പ്ലാന്‍ ഇല്ലാതെ ചെയ്തതാണ്. ഗോവയിലായിരുന്നു ആദ്യത്തെ ഇന്റര്‍വ്യൂ. ഇന്ത്യന്‍ പനോരമയുടെ ക്ലോസിങ് സെറിമണിയില്‍ മമ്മൂക്കയായിരുന്നു ഗസ്റ്റ്. ഞാന്‍ അന്ന് ജയ്ഹിന്ദിലാണ്.

ഇന്റര്‍വ്യൂവിന് പ്രിപ്പയേര്‍ഡായല്ല പോയത്. ആദ്യം ഗോവയെ പറ്റി ചോദിക്കുന്നു, ഇന്ത്യന്‍ പനോരമയെ പറ്റി ചോദിക്കുന്നു, ഇവിടെയൊരു നാഷണല്‍ ഷോകേസ് വരുന്നതിനെ പറ്റി ചോദിക്കുന്നു, ഇത്രയുമായപ്പോള്‍ തീര്‍ന്നു. റിപ്പോര്‍ട്ടിങ് മോഡലില്‍ ബൈറ്റെടുക്കാന്‍ പ്ലാന്‍ ചെയ്തുവന്നിട്ടാണ് ഇത്രയും സമയം കിട്ടുന്നത്. നമ്മളാണെങ്കില്‍ സൂപ്പര്‍ എക്സൈറ്റഡുമാണ്. അര മണിക്കൂര്‍ ടെലിക്സ്റ്റ് ചെയ്യാവുന്ന ടൈമിലേക്ക് വരികയാണ്. പിന്നെ ഗോവയില്‍ നേരത്തെ വന്നിട്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്.

അവസാനം തൊണ്ടയിലെ വെള്ളമൊക്കെ വറ്റി, ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് മമ്മൂക്ക പറഞ്ഞു. 40 മിനിട്ടോളം പുള്ളി സംസാരിച്ചു. അതും എന്തെക്കെയോ ചോദിക്കുകയായിരുന്നു. ഇന്ന് ഇന്ന ഫിലിം മേക്കര്‍ വരുന്നുണ്ടല്ലോ, മമ്മൂക്ക അദ്ദേഹത്തെ കാണുന്നുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. പുള്ളി നേരിട്ട ഏറ്റവും മോശം ചോദ്യങ്ങളാവാന്‍ സാധ്യതയുണ്ട്. 15 മിനിട്ട് വരെ നല്ല ചോദ്യങ്ങളായിരുന്നു. അതിനോടൊക്കെ ക്ഷമാശേഷിയോടെ സംസാരിച്ചു. അന്ന് അത് കട്ട്സായാണ് കൊടുത്തത്,’ മനീഷ് പറഞ്ഞു.

Content Highlight: maneesh narayan talks about the interview with lijo jose pellissery

We use cookies to give you the best possible experience. Learn more