മാനെയില്ലാതെ ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് സെനഗല്‍. നെതര്‍ലന്‍ഡ്‌സുമായാണ് ആദ്യ മത്സരം. നവംബര്‍ 21ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മാച്ച്.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്തുകൊണ്ട് സെനഗലിനെ ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്തിച്ച മാനെ രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടുന്നതിലും വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. അങ്ങനെ സെനഗല്‍ കണ്ട എക്കാലത്തെയും മികച്ച താരത്തോടൊപ്പം ലോകകപ്പില്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കാനായിരുന്നു ടീം ഒരുങ്ങിയത്.
പക്ഷെ നവംബര്‍ എട്ടിന് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് – വേഡര്‍ ബ്രെമന്‍ മത്സരത്തിനിടെ മാനെക്ക് പരിക്കേറ്റു. എന്നാല്‍ സെനഗലിന് വേണ്ടി ഖത്തറില്‍ ബൂട്ട് കെട്ടും എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്. താരത്തെ സെനഗല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നവംബര്‍ 18നാണ് സാദിയോ മാനെ ലോകകപ്പിനുണ്ടാകില്ലെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതോടെ താരത്തിന് ലോകകപ്പ് നഷ്ടമാകുകയായിരുന്നു. സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷനും ബയേണ്‍ മ്യൂണിക്കും പുറത്തുവിട്ട പ്രസ്താവനയെ ഏറെ വേദനയോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.
സെനഗലിന്റെ ഹൃദയമായ ക്യാപ്റ്റന്‍ മാനെ ഇല്ലാതെ എതിര്‍ ടീമിനെതിരെ ഇറങ്ങുന്നത് അചിന്ത്യമാണെങ്കിലും അതേ മാനെക്ക് വേണ്ടി പൊരുതാനുറച്ച് തന്നെ മുന്നോട്ടു പോകുകയാണ് സെനഗല്‍. അതേസമയം കളിച്ചില്ലെങ്കിലും മാനെ ഖത്തറിലേക്ക് എത്തുകയെങ്കിലും വേണമെന്നാണ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ കലിദോ കുലിബാലി പറയുന്നത്. വിവ് സ്‌പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഞങ്ങള്‍ക്ക് മികച്ച ഒരു നായകനെയാണ് നഷ്ടപ്പെട്ടത്. ലോകോത്തര നിലവാരമുള്ള അവന്റെ കളി തീര്‍ച്ചയായും മിസ് ചെയ്യും. പക്ഷെ അതേസമയം മാനെയുടെ കുറവ് നികത്താന്‍ തക്കവിധം മറ്റു കളിക്കാര്‍ ഉയര്‍ന്നുവരും.
തങ്ങളുടെ മുഴുവന്‍ കഴിവും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഞങ്ങള്‍ ഓരോരുത്തരം കൂടുതല്‍ തയ്യാറെടുപ്പ് നടത്തേണ്ടി വരും. കാരണം ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്.
മാത്രമല്ല, മാനെക്ക് വേണ്ടി ഞങ്ങള്‍ക്ക് കളിച്ചേ പറ്റൂ. ഈ ലോകകപ്പില്‍ കളിക്കണമെന്ന് അത്രമേല്‍ തീവ്രമായി അവന്‍ ആഗ്രഹിച്ചിരുന്നു. അവനില്ലാത്തതിന്റെ സമ്മര്‍ദത്തെ അതിജീവിച്ച് കരുത്തോടെ ഞങ്ങള്‍ പോരാടും. ഫോര്‍വേഡ് അറ്റാക്കില്‍ ഞങ്ങള്‍ക്ക് മികച്ച താരങ്ങളുണ്ട്.
എന്നാലും മാനെ വൈകാതെ തന്നെ ഖത്തറിലെത്തുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം അവന്റെ സാന്നിധ്യം കൂടിയേ തീരു. മാനെ ഞങ്ങള്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ട വ്യക്തിയാണ്. ഒപ്പം കളിക്കാന്‍ അവനില്ലാത്തത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പക്ഷെ ഇന്ന് ഞങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസത്തെ തട്ടിയുണര്‍ത്തി ഫുട്‌ബോളില്‍ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചേ മതിയാകൂ,’ കുലിബാലി പറഞ്ഞു.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് സെനഗല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തര്‍, ഇക്വഡോര്‍, നെതര്‍ലന്‍ഡ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Mane will have to join Senegal in Qatar says Koulibaly