ലിവര്‍പൂളില്‍ നിന്നും ഈ സീസണില്‍ ബയേണിലേക്ക് കൂടുമാറിയ താരമാണ് സാദിയൊ മാനെ. ലിവര്‍പൂളിനായി
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ആഫ്രിക്കന്‍ രാജ്യമായ സെനഗലിന്റെ താരമാണ് മാനെ. ഒരിക്കല്‍ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ മരണ ഉടമ്പടി ഒപ്പു വെക്കാന്‍ തയ്യാറായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മാനെ. ജനുവരിയില്‍ നടന്ന ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് മത്സരത്തിന്റെ ഇടയില്‍ പരിക്കേറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ നഷ്ടമാകും എന്ന സാഹചര്യം വന്നെങ്കിലും തുടര്‍ന്നും മത്സരങ്ങള്‍ കളിക്കാന്‍ വേണ്ടിയാണ് കരാര്‍ ഒപ്പിടാന്‍ താന്‍ ഒരുങ്ങിയതെന്നാണ് മാനെ പറയുന്നത്.
കേപ് വെര്‍ദെയുമായി നടന്ന ആഫ്രിക്കന്‍ നേഷന്‍സ് ലീഗ് മത്സരത്തിനിടയില്‍ സാദിയോ മാനെക്ക് തലയ്ക്കു പരിക്കു പറ്റിയിരുന്നു. ഇതുപോലത്തെ പരിക്കുകള്‍ സംഭവിക്കുമ്പോള്‍ നടപ്പാക്കേണ്ട പ്രോട്ടോകോള്‍ പ്രകാരം താരത്തിന് അഞ്ചു ദിവസം വിശ്രമം നല്‍കണമെന്ന് ഇതോടെ ലിവര്‍പൂള്‍ ആവശ്യപ്പെട്ടു. താരം അടുത്ത മത്സരങ്ങളില്‍ കളിക്കേണ്ടെന്നു തന്നെയാണ് സെനഗല്‍ മെഡിക്കല്‍ സ്റ്റാഫുകളും താരത്തോട് ആവശ്യപ്പെട്ടത്.
എന്നാല്‍ മത്സരം കളിക്കാതിരിക്കാന്‍ കഴിയില്ലെന്ന് സാദിയോ മാനെ വ്യക്തമാക്കി. അങ്ങനെയായിരുന്നു സെനഗല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി മരണ ഉടമ്പടി ഒപ്പിടേണ്ട സാഹചര്യം മാനെക്ക് വന്നത്. മത്സരത്തിനിടയില്‍ ഉണ്ടാകുന്ന ഏതൊരു അപകടവും, അത് മരണത്തിലേക്ക് നയിക്കുന്ന ഒന്നാണെങ്കില്‍ പോലും അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കുമെന്ന കരാര്‍ താന്‍ ഒപ്പിടാന്‍ തയാറായിരുന്നുവെന്ന് മാനെ പറഞ്ഞു.