ലക്‌നൗ: ഉത്തര്‍പ്രദേശിലെ മന്‍ദുവാദിഹ് റെയില്‍വേ സ്റ്റേഷന്റെ പേര് ബനാറസ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് എന്‍.ഒ.സി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഉത്തര്‍പ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അംഗീകരിച്ച് ഉത്തരവിറക്കിയത്.
വാരണാസി ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് മന്‍ദുവാദിഹ്. ഈ സ്റ്റേഷന്റെ പേര് ബനാറസ് എന്നാക്കി മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ബനാറസ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
ആഗ്രയിലെ താജ്മഹലിനടുത്ത് സ്ഥിതി ചെയ്യുന്ന മുഗള്‍ മ്യൂസിയത്തെ ഛത്രപതി ശിവജി മഹാരാജ് എന്ന് പുനര്‍നാമകരണം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്. മുഗളന്‍മാര്‍ രാജ്യത്തിന്റെ മാതൃകാബിംബങ്ങളല്ലെന്നാണ് യോഗി പറഞ്ഞത്.
‘അടിമത്തമെന്ന മാനസിക നില വെച്ചുപുലര്‍ത്തിയവരയെല്ല, പകരം രാജ്യത്തിന്റെ അഭിമാനം കാത്തവരേയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മുഗളന്‍മാര്‍ നമ്മുടെ മാതൃകാബിംബങ്ങളല്ല. ദേശീയത എന്ന ആശയം പ്രോത്സാഹിപ്പിക്കണം. ശിവജി മഹാരാജാണ് നമ്മുടെ ഹീറോ’, യോഗി പറഞ്ഞിരുന്നു.
വീഡിയോ കോണ്‍ഫറന്‍സ് വഴി ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനയോഗത്തിലാണ് യോഗി ആദിത്യനാത് മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റുന്നതായി പ്രഖ്യാപിച്ചത്.
താജ് മഹലിനടുത്ത് 2016 ലാണ് മ്യൂസിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാല്‍ ഫണ്ട് മുടങ്ങിയത് കാരണം നിര്‍മ്മാണം പൂര്‍ത്തിയായില്ല. 20 കോടി മുതല്‍ മുടക്കാണ് മ്യൂസിയം നിര്‍മ്മാണത്തിന് പ്രതീക്ഷിച്ചിരുന്നത്.
ഡേവിഡ് ചിപ്പര്‍ഫീല്‍ഡ് ആര്‍ക്കിടെക്റ്റുകളും നോയിഡ ആസ്ഥാനമായുള്ള സ്റ്റുഡിയോ ആര്‍ക്കോമുമാണ് താജ്മഹലിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.
അധികാരത്തിലേറിയത് മുതല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കടക്കം ഹിന്ദുത്വവാദികളുടെ പേര് യോഗി ആദിത്യനാഥ് നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: manduadih railway station renamed