| Saturday, 23rd October 2021, 1:47 pm

ഫലസ്തീന്‍ ജനതയ്‌ക്കെതിരായ അധിനിവേശം, ക്രൂരത, വിവേചനം എന്നിവയില്‍ മനോഹരമായി ഒന്നുമില്ല; ഇസ്രഈലില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മണ്ട്‌ല മണ്ടേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ഈ വര്‍ഷം ഡിസംബറില്‍ ഇസ്രഈലില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗത്ത് ആഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ പേരക്കുട്ടിയും സൗത്ത് ആഫ്രിക്ക നാഷണല്‍ അസംബ്ലി അംഗവുമായ മണ്ട്‌ല മണ്ടേല.

ഫലസ്തീനെ കൈയേറ്റം ചെയ്യുന്ന ഇസ്രഈലിന്റെ വിവേചനപരമായ അധിനിവേശ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മണ്ട്‌ല മണ്ടേലയുടെ പ്രസ്താവന.

മിസ് യൂണിവേഴ്‌സ് പരിപാടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമിലും മണ്ട്‌ല മണ്ടേല കുറിപ്പെഴുതി. സൗത്ത് ആഫ്രിക്കയില്‍ നിലനിന്നിരുന്ന വിവേചനങ്ങളോടാണ് ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെ മണ്ട്‌ല മണ്ടേല താരതമ്യം ചെയ്തത്.

സൗത്ത് ആഫ്രിക്കയിലെ വിവേചനങ്ങളെ എതിര്‍ത്ത് ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുന്‍പ് ആവശ്യപ്പെട്ടപ്പോള്‍ ലോകം കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ഇസ്രഈലിന്റെ അധിനിവേശത്തിനെതിരെ നില്‍ക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മണ്ട്‌ല മണ്ടേല പറഞ്ഞു.

മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മിസ് സൗത്ത് ആഫ്രിക്ക പട്ടം നേടിയ മുന്‍ മോഡലുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഫലസ്തീന്‍ ജനതയ്‌ക്കെതിരായ അധിനിവേശം, ക്രൂരത, വിവേചനം എന്നിവയില്‍ മനോഹരമായി ഒന്നുമില്ല,” എന്നായിരുന്നു മണ്ട്‌ല മണ്ടേല പറഞ്ഞത്.

”നമ്മുടെ ഫലസ്തീനിയന്‍ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ നമ്മള്‍ ന്യായീകരിക്കുകയോ പിന്താങ്ങുകയോ ചെയ്യരുത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ലെ മിസ് സൗത്ത് ആഫ്രിക്ക പട്ടം 24കാരിയായ ലാലെല സ്വാനെ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു മണ്ട്‌ല മണ്ടേലയുടെ പ്രതികരണം. ഡിസംബറില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിക്കേണ്ടത്
ലാലെല സ്വാനെയാണ്.

മിസ് യൂണിവേഴ്‌സ് മലേഷ്യ, മിസ് ഇന്തോനേഷ്യ എന്നിവര്‍ മിസ് യൂണിവേഴ്‌സ് പട്ടത്തിന് വേണ്ടി മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇരുവരേയും അഭിനന്ദിച്ചും മണ്ട്‌ല മണ്ടേല സംസാരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mandla Mandela asks countries to boycott miss universe event to be held in Israel

We use cookies to give you the best possible experience. Learn more