സോഷ്യല്‍ മീഡിയയുടെ ഉപയോഗം സര്‍വ്വസാധാരണമായതോടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മീമുകള്‍. ഇന്ന് ഒരു മീം പോലും കാണാതെ നമ്മുടെ ഒരു ദിവസം കടന്നുപോവാറില്ല.
പല സിനിമകളിലേയും ഡയലോഗുകള്‍ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കാറണ്ട്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ എന്നോടോ ബാലാ, വടക്കുനോക്കി യന്ത്രത്തിലെ ശോഭ ചിരിക്കുന്നില്ലേ, ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്നിങ്ങനെ പല ഉദാഹരണങ്ങളുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഡയലോഗുകളൊന്നും ചിത്രത്തിലുള്ളതല്ല. മീമുകളിലെത്തിയപ്പോള്‍ മാറി പോയ ഡയലോഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മണ്ടേല എഫക്ട് എന്ന പേരിലാണ് ഈ ചര്‍ച്ച സജീവമാകുന്നത്. ഫേസ്ബുക്ക് പേജായ സിനിമ പാരഡൈസ് ക്ലബില്‍ വന്ന കുറിപ്പ് ഇങ്ങനെ
‘വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ ‘ശോഭ ചിരിക്കുന്നില്ലേ’ എന്ന സംഭാഷണം ഇല്ല. ശരിക്കും ശ്രീനിവാസന്‍ ചോദിക്കുന്നത് – ‘ശോഭക്ക് തമാശ ശരിക്ക് അങ്ങട് മനസ്സിലായില്ല അല്ലെ?’ എന്നാണ്.
2014ല്‍ ആരോ ഒരു ഒഴുക്കിേനാ, എളുപ്പത്തിനോ, സന്ദര്‍ഭോചിതം ആക്കാനോ വേണ്ടി ‘ശോഭ ചിരിക്കുന്നില്ലേ’ എന്ന സംഭാഷണം, ശ്രീനിവാസന്റെ ചിത്രത്തോടൊപ്പം ഉപയോഗിച്ചു. അതിന് ശേഷം നിരവധി തവണ ആള്‍ക്കാര്‍ ആ മീം ഉപയോഗിക്കുകയും പിന്നീട് ആ രംഗത്തിലെ സംഭാഷണം ശ്രീനിവാസന്റെ ശബ്ദത്തില്‍ തന്നെ നമ്മളില്‍ പലരുടെയും മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ആയിരുന്നു.
ഇതിന്റെ ഇംപാക്ട് എന്താണെന്ന് വെച്ചാല്‍ സൈന ഒഫീഷ്യല്‍ ചാനലില്‍ പോലും ഇപ്പോള്‍ ഇതാണ് ക്യാപ്ഷന്‍
മറ്റൊരു ഉദാഹരണം കഥ പറയുമ്പോളിലെ ‘എന്നോടോ ബാലാ’ എന്ന മീം ആണ്. ശരിക്കും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് ‘എന്റെ മുന്നിലോ ബാലാ’ എന്ന സംഭാഷണം ആണ്. പക്ഷേ ട്രോളുകള്‍ ഉണ്ടായപ്പോള്‍ ഡയലോഗ് മാറി. സംഭാഷണം ‘ഈ എന്നോടോ ബാലാ?’ എന്ന രീതിയില്‍ മമ്മൂട്ടി പറഞ്ഞതായി നമ്മുടെ ഒക്കെ മനസ്സില്‍ രജിസ്റ്റര്‍ ആയി. കുമ്പളങ്ങി നൈറ്റ്‌സില്‍ ഈ സംഭാഷണം കടമെടുത്തപ്പോഴും ഈ ട്രോളില്‍ കണ്ട രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരത്തില്‍ ദിലീഷ് പോത്തന്‍ തന്റെ പാസ്‌പോര്‍ട്ട് ഫോട്ടോ മഹേഷിന്റെ കയ്യില്‍ നിന്ന് വാങ്ങിയതിന് ശേഷം ‘തേങ്സ്’ എന്ന് പറയുന്നില്ല. ട്രോളുകളില്‍ മാത്രമാണ് അങ്ങനെ.
Mandela effect : ലഘുവായി പറഞ്ഞാല്‍, നടക്കാത്ത ഒരു സംഭവം നടന്നതായി നമുക്ക് തോന്നുന്നതിനെ ഇങ്ങനെ വിളിക്കാം.
ഇന്റര്‍നെറ്റില്‍ തപ്പി നോക്കിയാല്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഒരുപാട് വായിക്കാന്‍ കിട്ടും. സത്യം പറഞ്ഞാല്‍ പല തവണ ജീവിതത്തില്‍ നമ്മള്‍ തന്നെ ഈ ഒരു എഫക്ട് അനുഭവിച്ചിട്ടുണ്ടാവും,’ എന്നാണ് കുറിപ്പ്.
കുറിപ്പിന് കമന്റായി മറ്റ് ഉദാഹരണങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ ഷക്കീല പറഞ്ഞതെന്ന പേരില്‍ ഇന്നും പ്രചരിക്കപ്പെടുന്ന ‘തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ’ എന്നൊരു ഡയലോഗ് സത്യത്തില്‍ കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ ഇല്ല. മറിച്ച് ആ സിനിമയില്‍ നായകനെ സെഡ്യൂസ് ചെയ്യാന്‍
ഷക്കീലയുടെ ദാക്ഷായണി എന്ന കഥാപാത്രം ശ്രമിക്കുമ്പോള്‍ സിനിമയിലെ നായകന്‍ സഞ്ജു ഇത് തെറ്റാണെന്ന് ഷക്കീലയുടെ കഥാപാത്രത്തോട് പറയുന്നു.
ഉടന്‍ തന്നെ ഷക്കീലയുടെ കഥാപാത്രം അവനോട് തിരിച്ചു പറയുന്നു. ‘അതെ..തെറ്റാണ്..എടാ മോനേ, തെറ്റ് ചെയ്യാത്തതാരാടാ,’. ഇതാണ് ആ രംഗത്തില്‍ വരുന്ന യഥാര്‍ത്ഥ സംഭാഷണശകലം. ഇതിനെ എല്ലാവരും വളച്ചൊടിച്ച് ഈ പരുവത്തിലാക്കി,’ എന്നൊരാള്‍ കമന്റ് ചെയ്യുന്നു.
‘രാഹുല്‍ ഈശ്വര്‍ എന്റെ പൊന്ന് അഭിലാഷേ എന്ന് പറഞ്ഞിട്ടില്ല. അഭിലാഷേ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. അത് മീമുകളിലൂടെ സൃഷ്ടിക്കപ്പെട്ട വിളിയാണ്. പക്ഷെ അങ്ങനെ വിളിച്ചെന്നെ തോന്നൂ,’ എന്നാണ് മറ്റൊരു കമന്റ്.
‘ഞാന്‍ ഒന്ന് ആസ്വദിച്ചു വരികയായിരുന്നു എന്ന് നരേന്ദ്ര പ്രസാദ് പറയുന്ന മീമിലെ സീനില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ല. ഒന്നുകില്‍ ഈ വീടിന് തീ വെക്കുക അല്ലെങ്കില്‍ എല്ലാവരും കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക, എന്താ എന്നാണ് നരേന്ദ്ര പ്രസാദ് പറയുന്നത്,’ എന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
Content Highlight: mandela effect became a discussion in social media