ന്യൂദല്‍ഹി: പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി കര്‍ഷകസമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയ. ചൊവ്വാഴ്ചയാണ് മന്‍ദീപിന് ജാമ്യം ലഭിച്ചത്. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊലീസ് മര്‍ദ്ദനങ്ങളില്‍ തളരില്ലെന്നും അധികാരത്തിലിരിക്കുന്നവര്‍ ജനങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘സിംഗുവിലെ ബാരിക്കേഡിനടുത്ത് നിന്ന് കര്‍ഷകസമരം ഷൂട്ട് ചെയ്യുകയായിരുന്നു ഞാന്‍. അവിടെ ചില അതിഥി തൊഴിലാളികള്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഇവരെ ചില പൊലീസുകാര്‍ ഉപദ്രവിക്കുന്നതും കണ്ടു. അതോടെ എന്റെ ക്യാമറ അവര്‍ക്കു നേരെ തിരിച്ചു. പിന്നീട് ഒരു പൊലീസുകാരന്‍ എന്റെ അടുത്ത് നിന്നിരുന്ന ധര്‍മേന്ദ്രസിംഗ് എന്ന മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കാനായി എത്തി. അദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു. തുടര്‍ന്ന് അവര്‍ എന്നെയും മര്‍ദ്ദിച്ചു. നീയാണല്ലേ മന്‍ദീപ് പൂനിയ എന്നൊക്കെ പറഞ്ഞു. ലാത്തി കൊണ്ടായിരുന്നു മര്‍ദ്ദനം’, മന്‍ദീപ് പറഞ്ഞു.
പിന്നീട് തന്നെ ഒരു ടെന്റിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും പൂനിയ പറഞ്ഞു. ടെന്റിനുള്ളില്‍ വെച്ച് തന്റെ ക്യാമറയും ഫോണും പൊലീസുകാര്‍ അടിച്ചുതകര്‍ത്തെന്നും തന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വലിച്ചെറിഞ്ഞെന്നും അദ്ദേഹം എന്‍.ഡി.ടിവിയോട് പറഞ്ഞു.
മര്‍ദ്ദനങ്ങള്‍ക്ക് ശേഷം പൊലീസുകാര്‍ തന്നെ രണ്ടിലധികം പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി. ഏകദേശം രണ്ട് മണിയോടെ വൈദ്യ പരിശോധനയ്ക്കായി ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘പൊലീസുകാര്‍ക്ക് എന്റെ പേര് വളരെ വ്യക്തമായി അറിയാമായിരുന്നു. സമരം നടക്കുന്ന എല്ലാ ദിവസവും റിപ്പോര്‍ട്ടിംഗിനായി ഞാന്‍ അവിടെയെത്തിയിരുന്നു. പൊലീസുകാരില്‍ നിന്ന് മൊഴികള്‍ ശേഖരിച്ചിരുന്നു. പിന്നീട് കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടന്നപ്പോള്‍ അക്കാര്യവും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു’, പൂനിയ പറഞ്ഞു.
കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ സിംഗു അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയ്ക്ക് കഴിഞ്ഞദിവസം ദല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. പുനിയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സത്വീര്‍ സിങ് ലംബ ജാമ്യം അനുവദിച്ചത്.
സമരം നടക്കുന്ന സിംഗുവിന് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മന്‍ദീപ് പുനിയ, ധര്‍മേന്ദ്ര സിങ് എന്നീ മാധ്യമപ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.