ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശയ്ക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) യുവജന-വിദ്യാര്‍ത്ഥി വിഭാഗം. ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍, സ്റ്റുഡന്റ്‌സ് വിങ് സെക്രട്ടറി സി.വി.എം.പി ഏഴിലരശന്‍ എന്നിവര്‍ സംയുക്തമായി ഇത് സംബന്ധിച്ച് ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു.
ഒക്ടോബര്‍ 15നായിരിക്കും തമിഴ്നാട്ടിലുടനീളം ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുക.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം നടത്താനുള്ള തീരുമാനം.
മറ്റൊരു ഭാഷാ യുദ്ധം അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കി രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി ശ്രമം ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും ഈ നിയമം നടപ്പാക്കിയാല്‍ ഹിന്ദി സംസാരിക്കാത്ത ബഹുഭൂരിപക്ഷം ജനത രണ്ടാം തരക്കാരായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുന്‍കാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കുമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലുള്ള 22 ഭരണഭാഷകള്‍ക്കു പുറമേ ഇനിയും പ്രാദേശിക ഭാഷകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമാരു നടപടിയുടെ പ്രസക്തിയെന്താണെന്ന് സ്റ്റാലിന്‍ ചോദിച്ചു.
എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
അതേസമയം മധ്യപ്രദേശില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബര്‍ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും.