തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബെംഗളുരുവിലെ രംഗന്‍ എന്ന അധോലോകനായകനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ഫഹദ് എന്ന നടന്റെ അഴിഞ്ഞാട്ടം എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.
റിലീസിന് മുന്നേ തന്നെ ഫഹദിന്റെ ഗെറ്റപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റും സ്വര്‍ണത്തിന്റെ ചെയിനും, ബ്രെയ്‌സ്ലെറ്റുമൊക്കെ ധരിച്ച് വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു താരം ചിത്രത്തില്‍ വന്നത്. ഇതിന് പിന്നാലെയാണ് കാലങ്ങളായി മലയാളസിനിമയില്‍ നിലനിന്നുപോകുന്ന മലയാളസിനിമയിലെ ആചാരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
കര്‍ണാടക പശ്ചാത്തലമാക്കിയ ഗുണ്ടാ കഥാപാത്രം സിനിമയിലുണ്ടെങ്കില്‍ അവരുടെ യൂണിഫോം വെള്ളയും വെള്ളയുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. കര്‍ണാടകയില്‍ നിന്നുള്ള വീരേന്ദ്ര മല്ലയ്യയായി മമ്മൂട്ടി എത്തിയ ചട്ടമ്പിനാട് എന്ന സിനിമയിലാണ് ഈ ട്രെന്‍ഡ് ആദ്യമായി തുടങ്ങിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും ചര്‍ച്ചയായിരുന്നു.
പിന്നീട് 2017ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയിലും ഇതുപോലൊരു കഥാപാത്രമുണ്ട്. ഇന്ദ്രന്‍സ് അവതരിപ്പിച്ച ശ്രീരാമ ഷെട്ടി എന്ന ഡോണ്‍ കഥാപാത്രത്തിന്റെ വേഷവും വെള്ളയും വെള്ളയുമായിരുന്നു.
ജിത്തു മാധവന്റെ ആദ്യസിനിമയായ രോമാഞ്ചത്തിലും വെള്ളയും വെള്ളയുമിട്ട് വരുന്ന ചെമ്പന്‍ വിനോദിന്റെ കഥാപാത്രവും ബെംഗളുരുവില്‍ ഗുണ്ടാ സെറ്റപ്പുള്ള കഥാപാത്രമാണെന്ന് സൂചനകള്‍ നല്‍കിയിരുന്നു.
ഈ ആചാരം തെറ്റിക്കരുതെന്ന് കരുതിയാണ് ആവേശത്തിലും ഫഹദിനെ ഇതേ ഗെറ്റപ്പില്‍ അവതരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പറയുന്നത്.
Content Highlight: Mandatory dress code for Bengaluru based don characters in Malayalam movies