national news
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 04, 03:58 pm
Wednesday, 4th July 2018, 9:28 pm

ചണ്ഡീഗഢ്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഇതിനു മുന്നോടിയായി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ നിയമനവും പ്രൊമോഷനുമെല്ലാം ഇത്തരം ഉത്തേജക പരിശോധനയ്ക്ക് വിധേയാമായിട്ടായിരിക്കും. എല്ലാ വര്‍ഷവും ഇത്തരത്തില്‍ മെഡിക്കല്‍ പരിശോധന ഉദ്യോഗസ്ഥര്‍ക്കായി നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഉത്തരവിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ: മധ്യപ്രദേശില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കുട്ടിയെ കണ്ടെത്തിയത് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തെ പഞ്ചാബ് മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.