| Thursday, 19th September 2024, 3:11 pm

ഒക്ടോബര്‍ ഒന്ന് മുതല്‍ മലയാള സിനിമാ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധിത കരാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ നിര്‍ബന്ധമാക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) എന്നിവര്‍ക്ക് കെ.എഫ്.പി.എ അയച്ച കത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ എല്ലാ സിനിമകളും അതിലെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും കരാറില്‍ ഒപ്പിട്ടിരിക്കണമെന്നും പറയുന്നു.

ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള തൊഴിലാളികള്‍ക്ക് മാത്രം കരാര്‍ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് സിനിമാ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളും കരാറില്‍ ഒപ്പുവെച്ചിരിക്കണമെന്ന് പറയുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സിനിമകളില്‍ നിര്‍ബന്ധിത സേവന കരാര്‍ ഉണ്ടെങ്കില്‍ മാത്രമേ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളെന്നും കരാറുകള്‍ സ്ഥാപിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) സിനിമാ മേഖലയിലെ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും, എല്ലാ ജീവനക്കാരെയും നിര്‍ബന്ധിത കരാറുകളില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയും ചെയ്തിരുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Mandatory contracts for all workers in Malayalam film industry starting October 1

We use cookies to give you the best possible experience. Learn more