തൃശ്ശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചിടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുമായി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ പള്ളി അടച്ചിടണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പുറത്തേയ്ക്ക് പോയി. പള്ളിയുടെ മുന്‍വശത്തെ വാതില്‍ പൂട്ടി. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തല്‍ക്കാലം പള്ളി തുറക്കേണ്ടെന്നാണ് തീരുമാനം.
ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ഈ ചര്‍ച്ചയിലാണ് അടിയന്തരമായി പള്ളിയില്‍ നിന്ന് ഇരുവിഭാഗവും ഒഴിയണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും കളക്ടര്‍ വ്യക്തമാക്കി.
രണ്ട് ദിവസമായി സമരം തുടരുന്ന മാന്ദാമംഗലം സെന്റ് മേരിസ് പള്ളിയില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പള്ളി കവാടത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം സമരം നടത്തുകയാണ്. ഇതിനിടെ ഇന്നലെ അര്‍ധരാത്രി ഓര്‍ത്തഡോക്ട്സ് വിഭാഗം ഗൈറ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറി ആക്രമണം തുടങ്ങുകയായിരുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
എന്നാല്‍, പള്ളിക്കുള്ളില്‍ നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് തങ്ങള്‍ അകത്തു കയറിയതെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്.
WATCH THIS VIDEO: