ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അത്ഭുതഗോള്‍ നേടി അര്‍ജന്റീനന്‍ യുവതാരം അലെജാന്‍ഡ്രോ ഗാര്‍നാച്ചോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ എവര്‍ട്ടണിനെതിരെയായിരുന്നു ഗാര്‍നാച്ചോയുടെ അവിശ്വസനീയമായ ഗോള്‍ പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റെഡ് ഡെവിള്‍സിന്റെ തകര്‍പ്പന്‍ വിജയം.
മത്സരം തുടങ്ങി മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് ഗോള്‍ നേടുകയായിരുന്നു ഗാര്‍നാച്ചോ. വലതുവിങ്ങില്‍ നിന്നുമുള്ള ക്രോസില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുകയായിരുന്നു.
ഗോളിന് പിന്നാലെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘സൂയ്’ സെലിബ്രേഷനും താരം നടത്തിയത് എറെ ശ്രദ്ധേയമായി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ കളിക്കുമ്പോള്‍ ഇതിന് സമാനമായ ഗോള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയും ഇതുപോലെ ബൈസിക്കിള്‍ ഗോള്‍ നേടി. ഈ ഇതിഹാസങ്ങള്‍ നേടിയ ഗോളിന് സമാനമായിരുന്നു ഈ 19കാരന്റെ തകർപ്പൻ ഗോൾ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി റൂണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡും ഗാര്‍നാച്ചോ മറികടന്നു. 19 വയസ് പ്രായമുള്ളപ്പോള്‍ ഗൂഡിസണ്‍ പാര്‍ക്കില്‍ എവര്‍ട്ടണനെതിരെ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമെന്ന നേട്ടത്തിലേക്കാണ് ഗാര്‍നാച്ചോ കാലെടുത്തുവെച്ചത്.
എവര്‍ട്ടണിന്റെ തട്ടകമായ ഗൂഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഗാര്‍നാച്ചോക്ക് പുറമെ 56ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് മാര്‍ക്കസ് റാഷ്‌ഫോഡ് യൂണൈറ്റഡിനായി രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 75ാം മിനിട്ടില്‍ ആന്റണി മാര്‍ഷ്യല്‍ മൂന്നാം ഗോളും നേടിയതോടെ റെഡ് ഡെവിള്‍സ് 3-0ത്തിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ആറാം സ്ഥാനത്താണ് ടെന്‍ ഹാഗും കൂട്ടരും.
ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 29ന് ഗലാറ്റസരെക്കെതിരെയാണ് റെഡ് ഡെവിള്‍സിന്റെ അടുത്ത മത്സരം.
Content Highlight: Manchester united young player Alejandro Garnacho scored awesome goal against Everton.