ആദ്യ കളിയിൽ തന്നെ കൊടുങ്കാറ്റായി മാഞ്ചസ്റ്റർ യുണൈറ്റഡ്; അരങ്ങേറ്റക്കാരന്റെ ഗോളിൽ മുന്നോട്ട്
Football
ആദ്യ കളിയിൽ തന്നെ കൊടുങ്കാറ്റായി മാഞ്ചസ്റ്റർ യുണൈറ്റഡ്; അരങ്ങേറ്റക്കാരന്റെ ഗോളിൽ മുന്നോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 9:30 am

2024 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുള്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ സമനിലയിൽ പിരിയുകയായിരുന്നു.  രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോളൊന്നും നേടാതെ തുടര്‍ന്നപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.

എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് റെഡ് ഡെവിൾസ് സീസണിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. 87ാം മിനിട്ടില്‍ ജോഷ്വാ സിര്‍ക്‌സിയിലൂടെയാണ് റെഡ് ഡെവിള്‍സ് വിജയഗോള്‍ നേടിയത്. അര്‍ജന്റീനയുടെ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോയുടെ ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ഗോളാക്കി മാറ്റുകയായിരുന്നു.

 

മത്സരത്തില്‍ 56 ശതമാനം ബോള്‍ പൊസഷനവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്തായിരുന്നു. 14 ഷോട്ടുകളാണ് ടെന്‍ ഹാഗും കൂട്ടരും എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് ആയിരുന്നു.

മറുഭാഗത്ത് ഫുള്‍ ഹാം 10 ഷോട്ടുകളാണ് റെഡ് ഡെവിള്‍സിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. എന്നാല്‍ രണ്ട് ഷോട്ടുകള്‍ മാത്രമേ എതിര്‍ പോസ്റ്റിലേക്ക് ഫുള്‍ ഹാമിന് എത്തിക്കാന്‍ സാധിച്ചത്.

ഓഗസ്റ്റ് 24ന് ബ്രൈറ്റണിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. ബ്രൈറ്റണിന്റെ തട്ടകമായ ഫാല്‍മര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയാണ് ഫുള്‍ ഹാമിന്റെ എതിരാളികള്‍. ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവന്‍ കോട്ടേജ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Manchester United Won First Match In EPL 2025