ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ട്രാൻസ്ഫർ വാർത്തകളെ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ഫുട്ബോൾ ലോകം. വരുന്ന ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസിയെ സ്വന്തമാക്കാനായി നിരവധി ക്ലബ്ബുകളാണ് രംഗത്തുള്ളത്.
ഇന്റർ മിലാൻ, ബാഴ്സലോണ, അൽ ഹിലാൽ, ഇന്റർ മിയാമി തുടങ്ങിയ ക്ലബ്ബുകളാണ് താരത്തെ നോട്ടമിട്ട് രംഗത്തുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ ഫുട്ബോൾ ആരാധകരെ ആകെമാനം ഞ്ഞെട്ടിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
യുണൈറ്റഡിന്റെ സ്റ്റാർ സ്ട്രൈക്കറായ മാർക്കസ് റാഷ്ഫോർഡിനെ പി.എസ്.ജിക്ക് നൽകികൊണ്ട് മെസിയെ യുണൈറ്റഡിലെത്തിക്കുന്ന തരത്തിലുള്ള ഒരു സ്വാപ്പ് ഡീലാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് മെസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങിയേക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുണൈറ്റഡിനായി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ താരമെന്ന ഖ്യാതി നേടിയ റാഷ്ഫോർഡ് പി. എസ്.ജിയുടെ റഡാറിലുള്ള താരമാണ്.
45 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റാഷ്ഫോർഡ് യുണൈറ്റഡിനായി സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം പ്രീമിയർ ലീഗിൽ അവസാനം കളിച്ച മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.
നിലവിൽ 27 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.
Content Highlights:manchester united wants to sign messi; reports