| Friday, 23rd September 2022, 12:42 pm

ക്രിസ്റ്റ്യാനോക്ക് പകരം ഈ 29കാരന്‍, റൊണാള്‍ഡോയെ കൈയൊഴിയാന്‍ മാഞ്ചസ്റ്റര്‍; നീക്കത്തിന് തുരങ്കം വെക്കാന്‍ ചെല്‍സിയും ബയേണും

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ താരവും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പകരക്കാരനായി ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നതെന്ന് സ്‌പോര്‍ട്‌സ് മോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ വരവ് മുന്നേറ്റനിരയില്‍ ടീമിന് ഏറെ മെച്ചമുണ്ടാക്കുമെന്ന വിലയിരുത്തലാണ് ഹാരി കെയ്‌നിന് പിന്നാലെ പോകാന്‍ മാഞ്ചസ്റ്ററിനെ പ്രേരിപ്പിക്കുന്നത്.

മാഞ്ചസ്റ്റര്‍ മാത്രമല്ല, പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയും ബുണ്ടസ് ലീഗ ജയന്റ്‌സ് ബയേണ്‍ മ്യൂണിക്കും കെയ്‌നിനായി രംഗത്തുണ്ട്. ഇവര്‍ക്ക് പുറമെ ലീഗ് വണ്‍ സൂപ്പര്‍ ടീമായ പി.എസ്.ജിയും താരത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ മുന്നൊരുക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം മെസി ടീം വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഹാരി കെയ്‌നിനെ ടീമിലെത്തിക്കാനാണ് പി.എസ്.ജി താരം എംബാപ്പെ ക്ലബ്ബിനോടാവശ്യപ്പെട്ടിരിക്കുന്നത്.

ഈ സമ്മറില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതോടെയാണ് താരം ടീം വിടാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ വിവിധ ടീമുകളുമായി അദ്ദേഹത്തിന്റെ മാനേജര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കാണാത്തതിനെ തുടര്‍ന്ന് താരം മാഞ്ചസ്റ്ററില്‍ തന്നെ തുടരുകയായിരുന്നു.

അടുത്ത സമ്മര്‍ വരെ റൊണാള്‍ഡോക്ക് മാഞ്ചസ്റ്ററില്‍ കരാറുണ്ട്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ ഓപ്ഷനുണ്ടെങ്കിലും റൊണാള്‍ഡോ അത് സ്വീകരിക്കാന്‍ സാധ്യത കുറവാണ്.

അതേസമയം, റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ബയേണ്‍ മ്യൂണിക് ചരടുവലികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ ടീമിന്റെ മോശം പ്രകടനമാണ് ഒരു മികച്ച സ്റ്റാര്‍ സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ മുന്‍ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരെ നിര്‍ബന്ധിതരാക്കുന്നത്.

കഴിഞ്ഞ നാല് മത്സരത്തില്‍ ഒന്നുപോലും ജയിക്കാന്‍ ബവാരിയന്‍സിനായിട്ടില്ല. മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ബുണ്ടസ് ലീഗയില്‍ ബയേണിനുള്ളത്.

ലിവര്‍പൂളില്‍ നിന്നും സാദിയോ മാനെയെ ഇറക്കി ലെവന്‍ഡോസ്‌കിയുടെ വിടവ് നികത്താന്‍ ബയേണ്‍ ശ്രമിച്ചെങ്കിലും അതിനാവാതെ വരികയായിരുന്നു. സെനഗലീസ് താരത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരാവാത്തതിനാല്‍ തന്നെ മാനേക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബയേണ്‍ വീണ്ടും റൊണാള്‍ഡോയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 20 മില്യണ്‍ യൂറോക്ക് മാഞ്ചസ്റ്റര്‍ കൈമാറ്റത്തതിന് തയ്യാറാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Manchester United to sign Harry Kane as a potential replacement for Cristiano Ronaldo

We use cookies to give you the best possible experience. Learn more