മാച്ച് തീരുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയ ക്രിസ്റ്റ്യാനോക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിഴ ചുമത്താനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറുമായി നടന്ന മത്സരത്തിനിടെയായിരുന്ന ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും അസാധാരണ നടപടിയുണ്ടായത്. 2-0ത്തിന് മാഞ്ചസ്റ്റര്‍ മത്സരം ജയിച്ചു. മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ കളിക്കാന്‍ ഇറക്കിയിരുന്നില്ല. ഇതിലെ രോഷമാണ് താരം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് താരം ഗ്രൗണ്ട് വിട്ട് പോവുകയായിരുന്നു. മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു ഇത്. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓണ്‍ സമയമാണ് റഫറി നല്‍കിയിരുന്നത്. എന്നാല്‍ ഫൈനല്‍ വിസിലിന് കാത്തുനില്‍ക്കാതെ റൊണാള്‍ഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു.
റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകള്‍ കോച്ച് എറിക് ടെന്‍ ഹാഗ് നല്‍കിയിരുന്നു. ‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു മത്സരശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ടെന്‍ ഹാഗ് പ്രതികരിച്ചത്.
കര്‍ക്കശക്കാരനായി അറിയപ്പെടുന്ന ടെന്‍ ഹാഗിന്റെ വാക്കുകള്‍ ശരിവെക്കുന്ന നടപടികളുടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റൊണാള്‍ഡോയുടെ രണ്ടാഴ്ചത്തെ ശമ്പളം കട്ട് ചെയ്യാനാണ് തീരുമാനമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ടീമംഗങ്ങളോടെല്ലാം മാപ്പ് പറയാനും ടെന്‍ ഹാഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായല്ല ഫൈനല്‍ വിസിലിന് മുമ്പ് റൊണാള്‍ഡോ ഗ്രൗണ്ട് വിടുന്നത്. നേരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയും താരം കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടിരുന്നു. റയല്‍ വല്ലക്കാനോക്കെതിരായ മത്സരത്തിനിടെയായിരുന്നു താരം ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോയത്.
അന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നെങ്കിലും റോണോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഇറങ്ങിപ്പോക്കിനെ അങ്ങനെ വിട്ടുകളയാനാകില്ലെന്ന നിലപാടിലാണ് ടെന്‍ ഹാഗ്.
റൊണാള്‍ഡോയുടെ പ്രവര്‍ത്തി ഫുട്ബോള്‍ ലോകമൊന്നാകെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ ക്ലബ്ബിനേക്കാളും വലിയവനാണെന്നുള്ള റൊണാള്‍ഡോയുടെ അഹങ്കാരമാണിതെന്നും താരത്തിന്റെ പ്രവര്‍ത്തി തീര്‍ത്തും അണ്‍ പ്രൊഫഷണലാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ടെന്‍ ഹാഗിന്റെ ചുവന്ന ചെകുത്താന്‍മാര്‍ ലില്ലി വൈറ്റ്സിനെ പരാജപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ മാഞ്ചസ്റ്റര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഹോട്സ്പറിന്റെ ഗോള്‍വല കാക്കും ഭൂത്തതാന്‍ ഹ്യൂഗോ ലോറിസിനെ മറികടക്കാന്‍ ആകാതെ വരികയായിരുന്നു.
മികച്ച പ്രകടനമായിരുന്നു താരം മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ഓണ്‍ ഗാര്‍ഗറ്റില്‍ പത്ത് തവണ മാഞ്ചസ്റ്റര്‍ നിറയൊഴിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണം മാത്രമേ ലോറിസിനെ കടന്ന് വലയിലെത്തിയുള്ളൂ, ആ രണ്ടും ടോട്ടന്‍ഹാമിന്റെ പ്രതിരോധത്തിലെ പാളിച്ചകള്‍ മാഞ്ചസ്റ്റര്‍ മുതലെടുത്തപ്പോഴുമായിരുന്നു.
മത്സരത്തിന്റെ 47ാം മിനിട്ടിലാണ് മാഞ്ചസ്റ്റര്‍ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. യുണൈറ്റഡ് താരം ഫ്രെഡിന്റെ ഷോട്ട് ടോട്ടന്‍ഹാം താരത്തിന്റെ കാലില്‍ തട്ടി ഡിഫ്ളക്ട് ചെയ്താണ് ഗോളായി മാറിയത്. 69ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിനായി ഗോള്‍ നേടി.
തിരിച്ചടിക്കാന്‍ ടോട്ടന്‍ഹാം കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 90 മിനിട്ടും അധികമായി അനുവദിച്ച 4 മിനിട്ടും മാഞ്ചസ്റ്റര്‍ എതിരാളികളെ തളച്ചിട്ടു. ഇതിനിടെയാണ് വിജയത്തിലെ കല്ലുകടിയെന്നോണം റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.
Content Highlight: Manchester United takes action against Cristiano Ronaldo, fines him