| Monday, 6th March 2023, 10:54 am

'ഒരു ടീമായിട്ടല്ല, പതിനൊന്ന് വ്യക്തികളായിട്ടാണ് യുണൈറ്റഡ് കളിച്ചത്'; സ്വന്തം ടീമിനെ വിമര്‍ശിച്ച് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ അച്ചടക്കമില്ലായ്മയാണ് തോല്‍വിക്ക് കാരണമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ്. തന്റെ ടീമിലെ താരങ്ങളുടെ പ്രകടനം അണ്‍പ്രൊഫഷണല്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് ശേഷം സ്‌കൈ സ്‌പോര്‍ട്‌സിനോടാണ് ടെന്‍ ഹാഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്കൊരു വിശദീകരണവും നല്‍കാനില്ല. ആദ്യ പകുതിയില്‍ മാന്യമായിട്ടാണ് മത്സരം മുന്നോട്ട് പോയത്. രണ്ടാം പകുതിയായപ്പോള്‍ ഒരു ടീം പെര്‍ഫോമന്‍സ് അല്ല കാണാന്‍ കഴിഞ്ഞത്. ഞങ്ങളുടെ പ്ലാനുകള്‍ പോലെയല്ലായിരുന്നു കാര്യങ്ങള്‍. ഒരു ടീമിന് പകരം 11 വ്യക്തികളെയാണ് കളിയില്‍ കാണാനായത്.

എനിക്കറിയില്ല, വളരെ മോശമായെന്നേ പറയാനുള്ളൂ. എന്റെ അഭിപ്രായം ഞാന്‍ കളിക്കാരെ അറിയിച്ചിട്ടുണ്ട്. നമ്മളെപ്പോഴും ഒരു ടീമായി നില്‍ക്കണം. ഞങ്ങളത് ചെയ്തില്ല. അവിടെ അച്ചടക്കമുണ്ടായില്ല. തിരിച്ചടികള്‍ നേരിട്ടേക്കാം, പക്ഷെ ഒറ്റക്കെട്ടായി നില്‍ക്കണം, എന്നിട്ട് ജോലി ചെയ്യണം. എനിക്ക് നല്ല ദേഷ്യവും നിരാശയും തോന്നുന്നുണ്ട്,’ ടെന്‍ ഹാഗ് പറഞ്ഞു.

സമീപകാലത്ത് അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമാണ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. കോഡി ഗാക്പോ, ഡാര്‍വിന്‍ നൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, റോബര്‍ട്ടോ ഫിര്‍മിനോയാണ് ശേഷിക്കുന്ന ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്.

മത്സരത്തിലുടനീളം ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 43ാം മിനിട്ടിലാണ് റോബര്‍ട്ട്സണിന്റെ അസിസ്റ്റില്‍ നിന്നും ഗാക്പോയിലൂടെ യുണൈറ്റഡ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 47ാം മിനിട്ടില്‍ ഹെഡറിലൂടെ നുനസ് ലീഡ് ഉയര്‍ത്തി.

66ാം മിനിട്ടില്‍ മുഹമ്മദ് സലായും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. 76ാം മിനിട്ടില്‍ നുനസ് വീണ്ടും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ കണ്ടെത്തി. ഇതോടെ ലിവര്‍പൂള്‍ 5-0 ന് മുന്നില്‍.

83ാം മിനിട്ടില്‍ ഫിര്‍മിനോയുടെ അസിസ്റ്റില്‍ നിന്ന് സലാ ഗോള്‍ നേടിയപ്പോള്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ സലായുടെ അസിസ്റ്റില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ യുണൈറ്റഡിന്റെ മേല്‍ അവസാന പ്രഹരവും ഏല്‍പ്പിച്ചു.

പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ മാനേജര്‍ കരിയറിലെ ഏറ്റവും വലിയ തോല്‍വി കൂടിയാണ് ഞായറാഴ്ചയിലേത്. പരിശീലകനായുള്ള 481ാമത്തെ മത്സരത്തിലായിരുന്നു ലിവര്‍പൂളിനെതിരെ ടെന്‍ ഹാഗിന്റെ ഈ നാണം കെട്ട തോല്‍വി.

അതേസമയം, വിജയത്തോടെ 25 കളികളില്‍ 42 പോയിന്റുമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

Content Highlights: Manchester United suffer their WORST EVER Premier League defeat

We use cookies to give you the best possible experience. Learn more