|

ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റുകളെ ക്ലബ്ബിലെത്തിക്കണം; മൂന്ന് പ്രധാന താരങ്ങളെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ മൂന്ന് ഫസ്റ്റ് ടീം പ്ലെയേഴ്‌സിനെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്‌പോര്‍ട്‌സ് മാധ്യമമായ ദ സണ്ണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹാരി മഗ്വെയര്‍, സ്‌കോട്ട് മാക്ടൊമിനൈ, ആന്തണി മാര്‍ഷല്‍ എന്നീ താരങ്ങളെയാണ് യുണൈറ്റഡ് വില്‍ക്കാനൊരുങ്ങുന്നത്.

മൂവരെയും വിറ്റ് കിട്ടുന്ന പണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റുകളെ വാങ്ങാന്‍ വിനിയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഗ്വെയറിനോടും മാര്‍ഷലിനോടും മാക്ടോമിനേയോടും ക്ലബ്ബില്‍ സ്ഥാനമില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വിന്റര്‍ സീസണില്‍ മഗ്വെയര്‍ ഇന്റര്‍ മിലാനിലേക്ക് നീങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ പ്രതിസന്ധി മറികടക്കാന്‍ ടെന്‍ ഹാഗ് താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ അധിക സമയവും മഗ്വെയര്‍ ബെഞ്ചില്‍ ചെലവഴിക്കുകയായിരുന്നു.

എന്നിരുന്നാലും ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും മൂല്യമേറിയ പ്രതിരോധ താരമായി നിലനില്‍ക്കുന്ന താരമാണ് മഗ്വെയര്‍. 2018ല്‍ 87 മില്യണ്‍ യൂറോയുടെ വേതനം നല്‍കിയാണ് താരത്തെ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

അതേസമയം, ഡെക്ലാന്‍ റൈസിന്റെ പകരക്കാരനായി വെസ്റ്റ് ഹാം യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്ന താരമാണ് മാക്ടോമിനേയ്. ദ സണ്ണിന്റെ റിപ്പോര്‍ട്ട് പ്രകാരം വെസ്റ്റ് ഹാമിന് പുറമെ എവര്‍ട്ടണും താരത്തെ നോട്ടമിട്ടിട്ടുണ്ട്.

ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാര്‍ഷലിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ പരിക്കുകളാണ് താരത്തിന് തിരിച്ചടിയായത്. ജേഴ്‌സി നമ്പര്‍ ഒമ്പതിലേക്ക് അനുയോജ്യനായ താരം എത്തുന്നതോടെ മാര്‍ഷലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പടിയിറങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Manchester United sell three first team players to sign with transfer targets

Latest Stories

Video Stories