പടിക്ക് പുറത്ത്; മാഞ്ചസ്റ്ററിലെ 'അയാക്‌സ് യുഗ'ത്തിന് അന്ത്യം; ടെന്‍ ഹാഗിന് പകരക്കാരന്‍ ബാഴ്‌സലോണ ഇതിഹാസം?
Sports News
പടിക്ക് പുറത്ത്; മാഞ്ചസ്റ്ററിലെ 'അയാക്‌സ് യുഗ'ത്തിന് അന്ത്യം; ടെന്‍ ഹാഗിന് പകരക്കാരന്‍ ബാഴ്‌സലോണ ഇതിഹാസം?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 6:04 pm

പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടെന്‍ ഹാഗിനെ ചുമതലകളില്‍ നിന്നും മാറ്റുകയാണെന്ന് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ടെന്‍ ഹാഗിന് പകരം മാഞ്ചസ്റ്റര്‍ ലെജന്‍ഡും അസിസ്റ്റന്റ് കോച്ചുമായ റൂഡ് വാന്‍ നിസ്റ്റല്‍റൂയിയെ ഇടക്കാല മാനേജരായി നിയമിക്കും.

”എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുരുഷ ഫസ്റ്റ് ടീം മാനേജര്‍ സ്ഥാനം ഉപേക്ഷിച്ചു. 2022 ഏപ്രിലില്‍ ക്ലബ്ബ് മാനേജരായി ചുമതലയേറ്റ എറിക് ടെന്‍ ഹാഗ് ടീമിന് രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്തു. 2023ലെ കാരബാവോ കപ്പിലേക്കും 2024ല്‍ എഫ്.എ കപ്പിലേക്കും അദ്ദേഹം ടീമിനെ നയിച്ചു.

ടീമിനൊപ്പമുള്ള സമയത്ത് ചെയ്തുതന്നതിനെല്ലാം ഞങ്ങള്‍ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്. ഒപ്പം ഭാവിയിലേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ഇടക്കാല ഹെഡ് കോച്ചായി ടീമിന്റെ ചുമതല ഏറ്റെടുക്കും, നിലവിലെ കോച്ചിങ് ടീമിന്റെ പിന്തുണയോടെ ഒരു സ്ഥിരം ഹെഡ് കോച്ചിനെ നിയമിക്കും.” മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ചുവന്ന ചെകുത്താന്‍മാരുടെ അടുത്ത മാനേജര്‍ ആരെന്ന ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ബാഴ്‌സ ഇതിഹാസവും മുന്‍ പരിശീലകനുമായ സാവിയെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ തകൃതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് സി.ഇ.ഒ ഒമര്‍ ബറാഡ സാവിയുമായി ചര്‍ച്ചകള്‍ നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന മാഞ്ചസ്റ്ററിനെ സംബന്ധിച്ച് ടെന്‍ ഹാഗിന്റെ കൊഴിഞ്ഞുപോക്ക് എത്രത്തോളം ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം. നിലവില്‍ പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റര്‍. ചിരവൈരികളായ മാന്‍ സിറ്റി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ടെണ്ണത്തില്‍ സമനില പിടിച്ചപ്പോള്‍ നാല് മത്സരത്തിലും ടീം പരാജയപ്പെട്ടു. 11 പോയിന്റാണ് നിലവില്‍ യുണൈറ്റഡിനുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചത്.

അവസാന മത്സരത്തില്‍ വെസ്റ്റ് ഹാമിനോടും ടീം പരാജയപ്പെട്ടിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹാമ്മേഴ്‌സ് യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്.

ഇ.എഫ്.എല്‍ കപ്പിന്റെ റൗണ്ട് ഓഫ് സിക്‌സ്റ്റീനിലാണ് മാഞ്ചസ്റ്റര്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍.

 

Content highlight: Manchester United sacked Erik Ten Hag