അടികള്‍ പലവിധം; കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ വക ഒമ്പതടി, ഈ സീസണ്‍ ബ്രൈറ്റണിനോട് വാങ്ങിയ രണ്ടടി; ശനിയാഴ്ച ഹാഫ് ടൈമില്‍ മാത്രം കിട്ടിയ നാലടി! ഇതൊന്നും പോരാഞ്ഞിട്ട് ക്യാപ്റ്റന്റെ സെല്‍ഫ് അടിയും
Football
അടികള്‍ പലവിധം; കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ വക ഒമ്പതടി, ഈ സീസണ്‍ ബ്രൈറ്റണിനോട് വാങ്ങിയ രണ്ടടി; ശനിയാഴ്ച ഹാഫ് ടൈമില്‍ മാത്രം കിട്ടിയ നാലടി! ഇതൊന്നും പോരാഞ്ഞിട്ട് ക്യാപ്റ്റന്റെ സെല്‍ഫ് അടിയും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th August 2022, 3:44 pm

ഒരു കാലത്ത് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ പ്രതാപ കാലത്തിന്റെ നിഴല്‍ പോലുമാകാന്‍ യുണൈറ്റഡിന് സാധിക്കുന്നില്ല. ഓരോ സീസണ്‍ കഴിയുമ്പോഴും ടീമിന്റെ അവസ്ഥ പരിതാപകരമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച് യു.സി.എല്‍ യോഗ്യത പോലും നേടാനാകാതെയാണ് യുണൈറ്റഡ് സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഇത്തവണ ഒരുപാട് മാറ്റങ്ങളുമായി ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനായിരുന്നു യുണൈറ്റഡ് ശ്രമിച്ചത്. പക്ഷെ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ അതും നടക്കില്ലെന്നാണ് തോന്നുന്നത്.

ഇന്നലെ ബ്രെന്റ്ഫോര്‍ഡിനെതിരെയായിരുന്നു യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്. യുണൈറ്റഡ് ഗോള്‍ പോസ്റ്റില്‍ ആദ്യ പകുതിയില്‍ തന്നെ എണ്ണം പറഞ്ഞ നാല് ഗോള്‍ അടിച്ചുക്കൂട്ടാന്‍ ബ്രെന്റ്ഫോര്‍ഡിന് സാധിച്ചിരുന്നു.

പുതിയ കോച്ചായ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കളിക്കളത്തില്‍ ടീമിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

മോശം പ്രകടനവും തോല്‍വികളും മത്സരത്തില്‍ സ്വാഭവികമാണ്. എന്നാല്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുന്നത് യുണൈറ്റഡിന് ഇപ്പോള്‍ ശീലമായിട്ടുണ്ട്. കഴിഞ്ഞ സീണില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ടീമിലെത്തിച്ചത് തങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം ഒറ്റക്ക് വിചാരിച്ചാല്‍ എന്ത് ചെയ്യാനാണ്.

മികച്ച പ്രകടനമായിരുന്നു റോണോ കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ചത്. എന്നാല്‍ ടീമിന് അദ്ദേഹത്തോടൊപ്പം ഉയരാന്‍ സാധിച്ചില്ല. മികച്ച ടീമുകള്‍ക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ യുണൈറ്റഡ് വെറും ‘കണ്ടം’ ലെവല്‍ ടീമായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെതിരെ രണ്ട് ലെഗിലുമായി ഒമ്പത് ഗോളുകളാണ് യുണൈറ്റഡ് വാങ്ങി കൂട്ടിയത്. ആദ്യ ലെഗില്‍ അഞ്ചെണ്ണവും രണ്ടാം ലെഗില്‍ നാലെണ്ണവും. രണ്ടാം ലെഗില്‍ തിരിച്ചടിച്ച രണ്ട് ഗോള്‍ ഓര്‍ത്ത് യുണൈറ്റഡിന് ആശ്വസിക്കാം.

നിരാശ മാത്രം സംഭവിച്ച കഴിഞ്ഞ സീസണില്‍ ആറാമതായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. എന്നാല്‍ പുതിയ കോച്ചിന്റെ കീഴില്‍ ഒരുപാട് മാറ്റങ്ങളുമായാണ് ടീം വന്നിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒന്നുരണ്ട് താരങ്ങള്‍ മാത്രം കളിച്ചുകൊണ്ട് ടീമിന് രക്ഷയുണ്ടാകില്ലെന്ന് യുണൈറ്റഡിന്റെ കളികള്‍ തെളിയിക്കുന്നുണ്ട്.

ഗോള്‍ കീപ്പര്‍ ഡി ഗിയും, നായകന്‍ ഹാരി മഗ്വയറും ടീമില്‍ എന്തിനാണ് കളിക്കുന്നതെന്ന് അവര്‍ക്ക് പോലും ബോധ്യമില്ല. ടീമിന്‍ ഏറ്റവും മോശം താരങ്ങളും അവര്‍ തന്നെയായിരിക്കും. ഇന്നലത്തെ മത്സരത്തിലും ഇവരുടെ നെട്ടോട്ടം കാണാന്‍ സാധിക്കും.

മൊത്തത്തില്‍ എല്ലാ ഭാഗത്തില്‍ നിന്നും യുണൈറ്റഡിന് നല്ല അടി കിട്ടുന്നുണ്ട്. താല്‍പര്യമില്ലാതെ ഗതികേട് കൊണ്ട് മാത്രം യുണൈറ്റില്‍ നില്‍ക്കുന്ന റോണോയും ടീമിനൊരടിയാണ്.

ഈ കളിയും കൊണ്ട് പോയാല്‍ യൂറോപ്പാ ലീഗില്‍ നിന്നും കിട്ടാനിരിക്കുന്ന പൊരിഞ്ഞടി. ഇതെല്ലാം കണ്ട് നില്‍ക്കുമ്പോള്‍ മഗ്വയര്‍ അണ്ണന്റെ വക രണ്ട് സെല്‍ഫടിയും കൂടെ കാണുമായിരിക്കും. ഇനി ഇതാണോ ആരാധകര്‍ വീരവാദം മുഴക്കിയ എറിക് ടെന്‍ ഹാഗ് യുഗം?.

Content Highlights: Manchester United’s Worst performances in last two years