| Monday, 25th December 2023, 1:22 pm

അവസാനം 'തലയില്‍ വന്ന് വീണത് ചുറ്റിക'; ടെന്‍ ഹാഗിനിത് മോശം സമയം

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒരു വിജയം മാത്രമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്. മൂന്ന് കളിയില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലാവുകയും ചെയ്തു.

ഒടുവില്‍ വെസ്റ്റ് ഹാമിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. ഹാമ്മേഴ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റെഡ് ഡെവിള്‍സ് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ 34 ശതമാനം മാത്രമാണ് ഹാമ്മേഴ്‌സിന്റെ കയ്യില്‍ പന്തുണ്ടായിരുന്നത്. എന്നാല്‍ മാഞ്ചസ്റ്ററിനേക്കാള്‍ ഷോട്ടുകളും ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളും തൊടുത്താണ് ഹോം ടീം സന്ദര്‍ശകരെ ഞെട്ടിച്ചത്.

പന്ത് കൈവശം വെക്കുന്നതിനേക്കാള്‍ പ്രധാനം ഗോളടിക്കുന്നതാണെന്ന് കാണിച്ചുകൊടുത്ത ഹാമ്മേഴ്‌സ് നിര്‍ണായകമായ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 72ാം മിനിട്ടില്‍ ജറോഡ് ബോവനിലൂടെ മുമ്പിലെത്തിയയ വെസ്റ്റ് ഹാം ആറ് മിനിട്ടിന് ശേഷം മുഹമ്മദ് കുഡൂസിലൂടെ ലീഡ് ഇരട്ടിയാക്കി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ രണ്ട് ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി.

നേരത്തെ ലിവര്‍പൂളിനോട് ഗോള്‍രഹിത സമനില വഴങ്ങിയ യുണൈറ്റഡ് ബേണ്‍മൗത്തിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബേണ്‍മൗത്ത് യുണൈറ്റഡിനെ തോല്‍പിച്ചുവിട്ടത്.

ന്യൂകാസിലിനോട് ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചു.

പ്രീമിയര്‍ ലീഗില്‍ 18 മത്സരം കളിച്ച യുണൈറ്റഡ് ഒമ്പതെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. എട്ട് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു കളി സമനിലയിലും അവസാനിച്ചു.

ഹാമ്മേഴ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ ഒരു സ്ഥാനം താഴേക്കിറങ്ങി നിലവില്‍ എട്ടാം സ്ഥാനത്താണ് ടെന്‍ ഹാഗിന്റെ കുട്ടികള്‍.

പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലും മാഞ്ചസ്റ്ററിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആറ് മത്സരത്തില്‍ വെറും ഒരു കളിയില്‍ മാത്രമാണ് യുണൈറ്റഡിന് ജയിക്കാന്‍ സാധിച്ചത്. കോപ്പന്‍ഹേഗനെതിരെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിനായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ യുണൈറ്റഡിന്റെ ഏക വിജയം.

നിര്‍ണായക മത്സരങ്ങളാണ് ഇനി മാഞ്ചസ്റ്ററിന് മുമ്പിലുള്ളത്. പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 30ന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് യുണൈറ്റഡിന് നേരിടാനുള്ളത്. പോയിന്റ് പട്ടികയില്‍ 17ാം സ്ഥാനക്കാരായ നോട്ടിങ്ഹാമിന്റെ ഹോം സ്‌റ്റേഡിയമായ സിറ്റി ഗ്രൗണ്ടാണ് വേദി.

ശേഷം എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ വിഗാന്‍ അത്‌ലറ്റിക്കിനെയാണ് യുണൈറ്റഡിന് നേരിടാനുള്ളത്. ഡി.ഡബ്ല്യൂ സ്റ്റേഡിയത്തിലാണ് വിഗാന്‍ – യുണൈറ്റഡ് പോരാട്ടം അരങ്ങേറുന്നത്.

Content highlight: Manchester United’s poor performances

We use cookies to give you the best possible experience. Learn more