| Wednesday, 8th February 2023, 9:12 pm

ഖത്തര്‍ ഗ്രൂപ്പിന്റെ ആ നീക്കം വിജയിച്ചാല്‍ മാഞ്ചസ്റ്ററിന്റെ ഹോം സ്‌റ്റേഡിയം വെറും ഓര്‍മയാകും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ ഖത്താരി ഇന്‍വെസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നതായും ആ നീക്കം വിജയിച്ചാല്‍ ക്ലബ്ബിന്റെ ഐക്കോണിക് ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയം പൊളിച്ചുപണിയുമെന്നും റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ അമീര്‍ ഷെയ്ഖ് ബിന്‍ ഹമദ് അല്‍ താനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനാണെന്നും ഗ്ലേസര്‍ കുടുംബത്തില്‍ നിന്നും ക്ലബ്ബിനെ ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗ്ലേസര്‍ കുടുംബത്തില്‍ നിന്നും റെഡ് ഡെവിള്‍സിനെ സ്വന്തമാക്കുകയാണെങ്കില്‍ ടീമിന്റെ ഐക്കോണിക് ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയം പൊളിക്കുമെന്നും പകരം ഏറെ സൗകര്യങ്ങളോടുകൂടി പുതിയൊരു സ്‌റ്റേഡിയം നിര്‍മിക്കുമെന്നും മറ്റൊരു പ്രമുഖ മാധ്യമമായ ഡെയ്‌ലി സ്റ്റാറും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുന്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരവും ഫുട്‌ബോള്‍ ലെജന്‍ഡുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്‌റ്റേഡിയത്തിന്റെ പോരായ്മകളെ കുറിച്ച് പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്റ്റേഡിയത്തെ മോഡണൈസ് ചെയ്യാനുള്ള ഒരു പ്രവര്‍ത്തനവും ക്ലബ്ബിന്റെയും ഉടമസ്ഥരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നായിരുന്നു താരത്തിന്റെ പരാതി.

മറ്റ് പല പ്രീമിയര്‍ ലീഗ് ടീമുകളും പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ആഴ്‌സണല്‍, റെഡ് ഡെവിള്‍സിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളെല്ലാം തന്നെ പുതിയ മോഡേണ്‍ സ്‌റ്റേഡിയങ്ങള്‍ പണിഞ്ഞവരാണ്. എവര്‍ട്ടണാകട്ടെ പുതിയ സ്റ്റേഡിയത്തിന്റെ പണിപ്പുരയിലുമാണ്.

പുതിയ സ്റ്റേഡിയം വേണമെന്ന് ആരാധകരും ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സ്‌റ്റേഡിയങ്ങള്‍ മോഡേണ്‍ ഔട്ട് ലുക്കില്‍ പുതുക്കി പണിയേണ്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ഗ്രൂപ്പ് ഓള്‍ഡ് ട്രോഫോര്‍ഡ് പുനര്‍നിര്‍മിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓള്‍ഡ് ട്രാഫോര്‍ഡിന്റെ പൂര്‍ണമായ പുനര്‍നിര്‍മാണത്തിനിടെ മാഞ്ചസ്റ്ററിന് ഹോം മത്സരങ്ങള്‍ മറ്റേതെങ്കിലും സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വന്നേക്കാം. ടോട്ടന്‍ഹാം തങ്ങളുടെ സ്റ്റേഡിയം പുനര്‍നിര്‍മിക്കുന്നതിനിടെ വെംബ്ലിയില്‍ വെച്ചായിരുന്നു ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്.

എന്നാല്‍ ഒരേ മത്സരത്തില്‍ രണ്ട് വിവിധ ടീമുകളെ സ്വന്തമാക്കുന്നതിനുള്ള യുവേഫയുടെ വിലക്ക് ഖത്തര്‍ വമ്പന്‍മാര്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കുന്നതില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കും.

ഖത്തര്‍ തന്നെ നേരിട്ട് പിന്തുണക്കുന്ന ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്‌റ്റേഴ്‌സ് തന്നെയാണ് ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ ഉടമസ്ഥാവകാശം കയ്യാളുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഇവര്‍ സ്വന്തമാക്കുകയാണെങ്കില്‍ ഇരുവര്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ ഒരേസമയം കളിക്കാന്‍ സാധിച്ചേക്കില്ല.

എന്നിരുന്നാലും മാഞ്ചസ്റ്ററിനെ ലക്ഷ്യം വെക്കുന്ന ഖത്താരി ഗ്രൂപ്പ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും വേറിട്ടതാണെന്നും, ഇവരുടെ പണം സോവറിന്‍ ഫണ്ടില്‍ നിന്നുമല്ല മറിച്ച് വ്യക്തിഗത ഫണ്ടില്‍ നിന്നുമാണെന്നും ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content highlight: Manchester United’s Old Trafford stadium will be demolished if bought by a Qatari group, according to reports.

We use cookies to give you the best possible experience. Learn more