മാഞ്ചസ്റ്റര്‍ യുണൈഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും കരുനീക്കം നടത്തുന്നുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു.
ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടോക്ക് ടി.വിയിലെ പിയേഴ്സ് മോര്‍ഗന്റെ ടോക്ക് ഷോയിലാണ് റൊണാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് താരത്തിന്റെ തുറന്ന് പറച്ചില്‍ വലിയ വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു. നിരവധിയാരാധകരാണ് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗിനെതിരെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുണൈറ്റഡ്. റോണോയുടെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് യുണൈറ്റഡ് തങ്ങളുടെ പ്രസതാവന പുറത്ത് വിടുകയായിരുന്നു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട മാധ്യമ കവറേജ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിഷയത്തെ കുറിച്ചുള്ള വസ്തുതകള്‍ പുറത്തു വന്നതിന് ശേഷം ക്ലബ്ബ് പ്രതികരണമറിയിക്കും.
ഇപ്പോള്‍ ഞങ്ങള്‍ സീസണിലെ ലീഗ് മത്സരങ്ങളുടെ തിരക്കിലാണ്. താരങ്ങളും, കോച്ചും, സ്റ്റാഫ്‌സും ആരാധകരുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇപ്പോള്‍ അതില്‍ മാത്രമാണ്,’ യുണൈറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ എറിക് ടെന്‍ഹാഗിനെ ബഹുമാനിക്കുന്നില്ലെന്നും കാരണം അയാള്‍ തനിക്ക് തിരിച്ച് യാതൊരു വിലയും നല്‍കുന്നില്ലെന്നും റോണോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോച്ച് മാത്രമല്ല, ക്ലബ്ബിലെ മറ്റ് രണ്ട് മൂന്ന് ആളുകളും തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെന്നും, താന്‍ ചതിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.
സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു.
ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.
Content Highlights: Manchester United release official statement on Cristiano Ronaldo