| Monday, 25th July 2022, 10:01 pm

ഇത് രണ്ടും പാലിച്ചാല്‍ നിനക്ക് ടീം മാറാം; റൊണാള്‍ഡോക്ക് മുന്നില്‍ നിബന്ധന വെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുനാളുകളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്ന കാര്യമാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തെ സംബന്ധിച്ചുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകളും. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ അദ്ദേഹത്തിന് ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിനെ ആവശ്യമുള്ള ടീമൊന്നും നിലവില്‍ മുന്നോട്ട് വന്നിട്ടില്ല. താരമിപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ റോണോക്ക് ആഗ്രഹമില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ടീമുകള്‍ക്കൊന്നും അദ്ദേഹത്തിന് മേല്‍ നിലവില്‍ നോട്ടമില്ല.

റോണോയുടെ ഏജന്റ് വിവിധ ക്ലബ്ബുകളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാല്‍ ആരും താരത്തെ ഏറ്റെടുത്തില്ല.

എന്നാല്‍ റൊണാള്‍ഡോയെ വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കുന്നത്. അടുത്ത സീസണിലെ തന്റെ പദ്ധതികളില്‍ പോര്‍ച്ചുഗല്‍ താരവുമുണ്ടെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ താരവും ക്ലബ്ബും തമ്മില്‍ ഒരു പിടിച്ചുവലി നടക്കുന്നുണ്ട്.

അതേസമയം റൊണാള്‍ഡോയെ വിട്ടുകൊടുക്കാന്‍ രണ്ട് നിബന്ധനകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നോട്ടു വെച്ചുവെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നിബന്ധന അംഗീകരിച്ചാല്‍ താരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാന്‍ സാധിക്കും.

നിലവില്‍ 2023 വരെ കരാറുള്ള റൊണാള്‍ഡോക്ക് 2024 വരെ അത് പുതുക്കി ലോണ്‍ കരാറില്‍ ക്ലബ് വിടാമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നോട്ട് വെക്കുന്ന ഒരുപാധി. അതിനു ശേഷം അടുത്ത സീസണില്‍ ക്ലബ്ബിലേക്ക് തിരിച്ചെത്തി ഒരു വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ കളിക്കണമെന്ന നിബന്ധനയും അവര്‍ മുന്നോട്ടു വെക്കുന്നു.

ഈ നിബന്ധനകളോട് റൊണാള്‍ഡോ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നു എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

Content Highlights: Manchester United put two Instructions to Cristiano Ronaldo

We use cookies to give you the best possible experience. Learn more