മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒരു താരം കൂടി പടിയിറങ്ങാനൊരുങ്ങുന്നു. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ യുണൈറ്റഡ് താരം ആരോണ്‍ വാന്‍ ബിസാക്ക ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫുട്‌ബോള്‍ ഇന്‍സൈഡര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം യുണൈറ്റഡ് പരിശീലകന്‍ തന്നെ ബെഞ്ചിലിരുത്തുന്നു എന്നാരോപിച്ചാണ് ബിസാക്ക ക്ലബ്ബ് മാറ്റത്തിന് ശ്രമിക്കുന്നത്.
ലോകകപ്പിന് ശേഷം മുന്‍ ക്രിസ്റ്റല്‍ പാലസ് താരം 12 മത്സരങ്ങളില്‍ കളിച്ചിരുന്നുവെങ്കിലും ഡിയോഗോ ദലോട്ട്‌സ് പരിക്ക് മാറി തിരിച്ചെത്തിയതോടെ ബിസാക്കയെ ടെന്‍ ഹാഗ് വീണ്ടും ബെഞ്ചിലിരുത്തുകയായിരുന്നു.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു റൈറ്റ് ബാക്ക് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമം നടത്തുന്നതിനാലാണ് ബിസാക്ക ക്ലബ്ബ് വിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019ലെ സമ്മര്‍ വിന്‍ഡോയിലാണ് ബിസാക്കയെ 50 മില്യണ്‍ യൂറോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്.
തുടക്കത്തില്‍ താരത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നിലവില്‍ ടീമിന്റെ സ്ഥിര സന്നിധ്യമാകാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുന്നത്.
ബിസാക്ക കരുത്തനായ പ്രതിരോധ താരമായിരുന്നെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ യുണൈറ്റഡിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നത് വലിയ തിരിച്ചടിയാവുകയായിരുന്നു.
എന്നാല്‍ ദലോട്ട് മിന്നുന്ന പ്രകടനമാണ് ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. അതിനാല്‍ ദലോട്ടിനെ നിലനിര്‍ത്തി ബിസാക്കയെ റിലീസ് ചെയ്യാനാണ് യുണൈറ്റഡിന്റെ തീരുമാനമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ സീസണില്‍ മികച്ച ഫോമില്‍ തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യൂറോപ്പ ലീഗില്‍ ഫെബ്രുവരി 23ന് ബാഴ്‌സലോണക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ ഇരുടീമുകളും സമനില വഴങ്ങുകയായിരുന്നു.
Content Highlights: Manchester united player Aaron Wan-Bissaka wants to leave the club