മാഞ്ചസ്റ്റര്‍ യുണൈറ്റില്‍ നിന്നും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു ടീമിലേക്കും പോകില്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ മാനേജര്‍ എറിക് ടെന്‍ ഹാഗ്. താരം ഓള്‍ഡ് ട്രാഫോര്‍ഡില്‍ തന്നെ തുടരുമെന്നാണ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് സൈമണ്‍ സ്‌റ്റോണ്‍ വ്യക്തമാക്കുന്നത്.
ലെസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് പ്രീ മാച്ച് പ്രെസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ ഒന്നിന് കിങ് പവര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ലെസ്റ്റര്‍ സിറ്റി മത്സരം നടക്കുന്നത്.
ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പോലും താരം ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള തന്റെ ശ്രമം നടത്തിയിരുന്നു. നേരത്തെ താരം നാപ്പോളിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.
മറ്റേതെങ്കിലും ക്ലബ്ബ് ന്യായമായ ഓഫര്‍ മുന്നോട്ട് വെക്കുകയാണെങ്കില്‍ വില്‍ക്കുന്നത് പരിഗണിക്കാന്‍ താരം ടീമിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ടെന്‍ ഹാഗ് റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയത്.
റൊണാള്‍ഡോയെ വാങ്ങുമെന്ന് കരുതിയ ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് മുതലായ ടീമുകളെല്ലാം തന്നെ നേരത്തെ പിന്‍മാറിയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് റൊണാള്‍ഡോ ടീം വിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വിവിധ ടീമുകളുമായി താരത്തിന്റെ ഏജന്റ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.
ക്രിസ്റ്റിയാനോ തന്റെ പ്ലാനില്‍ ഉണ്ടെന്നും താരത്തെ വില്‍ക്കാനില്ലെന്നുമായിരുന്നു ടെന്‍ ഹാഗിന്റെ നിലപാട്.
എന്നാല്‍ റൊണാള്‍ഡോ മറ്റു ടീമുകളെ തേടിക്കൊണ്ടിരുന്നതും മാഞ്ചസ്റ്ററില്‍ താരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നീക്കാത്തതും ടെന്‍ ഹാഗിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ടീം മീറ്റിങ്ങില്‍ ടെന്‍ ഹാഗ് റൊണാള്‍ഡോയോട് പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലിവര്‍പൂളിനെതിരെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ മത്സരത്തില്‍ താരവും ടീം ക്യാപ്റ്റന്‍ ഹാരി മഗ്വയറും സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കില്ലെന്നും ബെഞ്ചില്‍ ഇരിക്കുമെന്നും അദ്ദേഹം മീറ്റിങ്ങില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ അനിശ്ചിതത്വങ്ങളെല്ലാം മാറിയ സാഹചര്യത്തില്‍ റൊണാള്‍ഡോയും ടെന്‍ ഹാഗും പരസ്പരം പൊരുത്തപ്പെട്ടുതന്നെ മുന്നോട്ട് പോവുമെന്നാണ് കരുതപ്പെടുന്നത്.
Content highlight: Manchester United Manager Erik ten Hag confirms plans for Cristiano Ronaldo in team