പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണെറ്റഡിന് തോല്‍വി. ലീഗിലെ രണ്ടാം മത്സരത്തിലാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിലും യുണൈറ്റഡ് തോറ്റിരുന്നു. ബ്രെന്റ്‌ഫോര്‍ഡിനെതിരെയായിരുന്നു യുണൈറ്റഡിന്റെ തോല്‍വി.
നാല് ഗോളുകളാണ് ബ്രെന്റ്‌ഫോര്‍ഡ് യുണൈറ്റഡിന്റെ പോസ്റ്റില്‍ അടിച്ചുക്കൂട്ടിയത്. പുതിയ കോച്ചായ എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കളിക്കളത്തില്‍ ടീമിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തില്‍ മെച്ചമില്ല. മത്സരത്തിന്റെ പത്താം മിനുട്ടില്‍ ഡിഗെയുടെ ഒരു പിഴവില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ ഗോള്‍ വഴങ്ങിയത്. ഡാസില്‍വയുടെ എളുപ്പത്തില്‍ പിടിക്കാവുന്ന ഷോട്ട് ഡിഗെ കൈവിട്ടു. ഇത് ഒരു പിടി പിഴവുകളുടെ തുടക്കമായിരുന്നു.
18ാം മിനുട്ടില്‍ വീണ്ടും ഡിഗെയുടെ അബദ്ധമായിരുന്നു യുണൈറ്റഡിന് വിനയായത്. ക്രിസ്റ്റ്യന്‍ എറിക്‌സണ് ഡിഗെ നല്‍കിയ ഒരു മോശം പാസ് കൈക്കലാക്കിയ ബ്രെന്റ്‌ഫോര്‍ഡ് ജാന്‍സണിലൂടെ രണ്ടാം ഗോള്‍ നേടി. അതോടെ വിറച്ചു നിന്ന യുണൈറ്റഡിനെ തലങ്ങും വിലങ്ങും ബ്രെന്റ്‌ഫോര്‍ഡ് പ്രഹരിച്ചു. 30ആം മിനുട്ടില്‍ ബെന്‍ മീയിലൂടെ ബ്രെന്റ്‌ഫോര്‍ഡിന്റെ മൂന്നാം ഗോള്‍. പിന്നെ 35ആം മിനുട്ടില്‍ എമ്പുമോ ആ നമ്പര്‍ നാലാക്കി. എല്ലാം കണ്ട് നിസ്സഹായനായി ടെന്‍ ഹാഗ് ടച്ച് ലൈനില്‍ നില്‍പ്പുണ്ടായിരുന്നു.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് മാറ്റങ്ങള്‍ നടത്തി നോക്കിയെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. കൂടുതല്‍ ഗോള്‍ വഴങ്ങിയില്ല എന്നത് മാത്രമായിരുന്നു ആകെയുള്ള മെച്ചം. ഈ പരാജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ അവസാന സ്ഥാനത്ത് നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ യുണൈറ്റഡ് ബ്രൈറ്റണോടും പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തില്‍ ലിവര്‍പൂള്‍ ആണ് യുണൈറ്റഡിന്റെ എതിരാളികള്‍.