ഓള്‍ഡ്ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കഴിഞ്ഞ ദിവസം ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനോട് മാഞ്ചസ്റ്റര്‍ തോറ്റത്.
മാഞ്ചസ്റ്റര്‍ സൂപ്പര്‍ കോച്ച് ഹോസെ മൗറീഞ്ഞോയുടെ കരിയറിലെ റെക്കോര്‍ഡ് തോല്‍വി കൂടിയാണിത്. ഹോം ഗ്രൗണ്ടില്‍ ഇതുവരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മൗറീഞ്ഞോയ്ക്ക് തോല്‍ക്കേണ്ടി വന്നിട്ടില്ല. തോല്‍വിയോടെ മാഞ്ചസ്റ്ററില്‍ മൗറീഞ്ഞോയുടെ ഭാവി അനിശ്ചിതത്വത്തിലായി.
ALSO READ: കേരളത്തിനായി പിരിവിനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനാക്കി സംഘപരിവാർ പ്രചരണം
മികച്ച ആക്രമണോത്സുക ഫുട്‌ബോളാണ് മാഞ്ചസ്റ്റര്‍ പുറത്തെടുത്തതെങ്കിലും, ഹാരി കെയ്ന്‍, ലൂക്കാസ് മൗറ എന്നിവരുടെ ഗോളുകളില്‍ ടോട്ടന്‍ഹാം ജയിച്ചു. ലൂക്കാസ് മൗറ ഇരട്ട ഗോളുകള്‍ നേടി.
ലീഗില്‍ 13ാം സ്ഥാനത്താണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റൊമേലു ലുക്കാക്കു, പോള്‍ പോഗ്ബ തുടങ്ങി വമ്പന്‍ താരനിര ഉണ്ടെങ്കിലും, പഴയ പ്രതാപകാലത്തിന്റെ പരിസരത്തെങ്ങും മാഞ്ചസ്റ്റര്‍ ഇപ്പോഴില്ല.
റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ ക്ലബിന്റെ പരിശീലക വേഷം ഏറ്റെടുക്കുമെന്ന പ്രചരണങ്ങളും ശക്തമാണ്.