ന്യൂകാസിലും വന്ന് കൊട്ടിവിട്ടു; ചെകുത്താന്മാരുടെ കലികാലം തുടരുന്നു
Football
ന്യൂകാസിലും വന്ന് കൊട്ടിവിട്ടു; ചെകുത്താന്മാരുടെ കലികാലം തുടരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 8:59 am

ഇ.എഫ്.എല്‍ കപ്പില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ന്യൂ കാസില്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സിന്റെ കഥ കഴിച്ചത്.

മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് യുണൈറ്റഡ് അണിനിരന്നത്. മറുഭാഗത്ത് ന്യൂകാസില്‍ 4-3-3 എന്ന ശൈലിയും പിന്തുടര്‍ന്നു.

മത്സരത്തിന്റെ 28ാം മിനിട്ടില്‍ മിഖുയെല്‍ അല്‍മിറോണ്‍ ആണ് ന്യൂകാസിലിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. യുണൈറ്റഡിന്റെ പ്രതിരോധത്തെ പിഴവ് മുതലെടുത്തുകൊണ്ട് താരം ഗോള്‍ നേടുകയായിരുന്നു.

36ാം മിനിട്ടില്‍ ലെവിസ് ഹാള്‍ ന്യൂകാസിലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സന്ദര്‍ശകര്‍ 2-0ത്തിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയിലെ 60ാം മിനിട്ടില്‍ ജോ വില്ലിഓക്ക് മൂന്നാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ന്യൂകാസില്‍ പിടിച്ചെടുക്കുകയായിരുന്നു. പന്തുമായി മികച്ച മുന്നേറ്റം നടത്തിയ താരം പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ആശ്വാസഗോളിനായി യുണൈറ്റഡ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

ഒടുവില്‍ അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം ഹോം ഗ്രൗണ്ടില്‍ 3-0ത്തിന് തകര്‍ന്നടിയുകയായിരുന്നു.

കഴിഞ്ഞ മാഞ്ചസ്റ്റര്‍ ഡെര്‍ബി മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റെഡ് ഡെവിള്‍സ് പരാജയപ്പെട്ടിരുന്നു. ഇതേ സ്‌കോര്‍ ലൈനില്‍ വീണ്ടും ന്യൂകാസിലിനെതിരെ തോല്‍വി നേരിട്ടത് കനത്ത തിരിച്ചടിയാണ് ടെന്‍ ഹാഗിനും കൂട്ടര്‍ക്കും നല്‍കുക.

അതേസമയം ന്യൂകാസില്‍ വിജയത്തോടെ ഇ.എഫ്.എല്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ നാലിന് ഫുള്‍ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. അതേസമയം അന്നേദിവസം ന്യൂകാസില്‍ ആഴ്‌സണലിനെ നേരിടും.

Content Highlight: Manchester united loss against Newcastle united in EFL cup.