ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബേണ്‍മൗത്ത്. ഈ തോല്‍വിക്ക് പിന്നാലെ ഒരുപിടി മോശം റെക്കോഡുകള്‍ ആണ് റെഡ് ഡെവിള്‍സിനെ തേടിയെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ പ്രീമിയര്‍ ലീഗ് ടേബിളിലെ പത്താം സ്ഥാനത്തിന് താഴെയുള്ള ടീമിനെതിരെ 3+ ഗോളുകളുടെ തോല്‍വി ഏറ്റുവാങ്ങുന്നത്.
മറ്റൊരു മോശം നേട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടിയെത്തി. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓള്‍ഡ് ട്രെഫോഡില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോറ്റുവെന്ന മോശം കണക്കുകളും റെഡ് ഡവിള്‍സ് സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കലിനു ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഇത്രയധികം തോല്‍വികള്‍ ഏറ്റുവാങ്ങുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ അഞ്ചാം മിനിട്ടില്‍ ഡൊമിനിക് സോളെങ്കെയാണ് ബേണ്‍മൗത്തിന്റെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. ര
ണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ ഫിലിപ്പ് ബില്ലിങിലൂടെ രണ്ടാം ഗോളും 73ാം മിനിട്ടില്‍ മാര്‍ക്കോസ് സെനെസിയിലൂടെ മൂന്നാം ഗോളും നേടി. മറുപടി ഗോളിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരവധി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0ത്തിന് ടെന്‍ ഹാഗും കൂട്ടരും സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം തോല്‍വിയായിരുന്നു ഇത്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
ചാമ്പ്യന്‍സ് ലീഗില്‍ ഡിസംബര്‍ 13ന് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ആണ് മത്സരം നടക്കുക.
Content Highlight: Manchester united loss again in English Premiere League.