കളി തീരുന്നതിന് മുമ്പ് ഇറങ്ങിപ്പോയ ക്രിസ്റ്റ്യാനോയെ കുറച്ച് കളിയും മര്യാദയും പഠിപ്പിക്കാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. പിഴയും മാപ്പ് പറച്ചിലും അടുത്ത മത്സരത്തില്‍ നിന്നും ഒഴിവാക്കലും തുടങ്ങി അച്ചടക്ക നടപടികളുടെ ഒരു ഫുള്‍ പാക്കേജാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ഒരുക്കിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ വിശദീകരണ പോസ്റ്റും ഫോട്ടോയും കൊണ്ടൊന്നും ഇത്തവണ ക്രിസ്റ്റിയാനോക്ക് തടിയൂരാന്‍ പറ്റില്ല
കഴിഞ്ഞ ദിവസം ടോട്ടന്‍ഹാം ഹോട്ട്സ്പറും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ മത്സരം നടക്കുന്നതിനിടെ 90ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ നിന്നെഴുന്നേറ്റ് പോയത് ഫുട്ബോള്‍ ലോകത്ത് വലിയ വിവാദമാണുണ്ടാക്കിയത്.
റൊണാള്‍ഡോ ഈയിടെ മോശം പ്രകടനം കാഴ്ച വെക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി താരത്തെ ബെഞ്ചിലിരുത്തുകയായിരുന്നു യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗ്.
അതിനെ വിമര്‍ശിച്ച് പലരും രംഗത്ത് വരികയും റൊണാള്‍ഡോക്ക് വേണ്ടി പല വാദങ്ങളും നടത്തുകയുമൊക്കെ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ താരം ഫുട്ബോളിനോട് തന്നെ അനാദരവ് കാണിച്ചത് പോലെയുള്ള ഈ പ്രവൃത്തിയെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കാന്‍ ആരും രംഗത്ത് വന്നില്ലെന്ന് മാത്രമല്ല ഹെയ്റ്റേഴ്സ് ഒന്നുകൂടി ശക്തമാവുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ റൊണാള്‍ഡോയുടെ പ്രവൃത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകള്‍ കോച്ച് എറിക് ടെന്‍ ഹാഗ് നല്‍കിയിരുന്നു.
‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യുമെന്നും ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണെന്നുമായിരുന്നു മത്സരം ജയിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നത്.
കര്‍ക്കശക്കാരനായി അറിയപ്പെടുന്ന ടെന്‍ ഹാഗിന്റെ വാക്കുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്.
റൊണാള്‍ഡോയുടെ രണ്ടാഴ്ചത്തെ ശമ്പളം കട്ട് ചെയ്യുമെന്നും ടീമംഗങ്ങളോടെല്ലാം മാപ്പ് പറയാന്‍ ടെന്‍ ഹാഗ് താരത്തോട് ആവശ്യപ്പെട്ടപ്പെട്ടതായുമാണ് ആദ്യം റിപ്പോര്‍ട്ടില്‍ വന്നത്.
എന്നാല്‍ തൊട്ട് പിന്നാലെ, വരാനിരിക്കുന്ന ചെല്‍സിയുമായുള്ള മത്സരത്തില്‍ നിന്നും റൊണാള്‍ഡോയെ ഒഴിവാക്കിയെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. എത്ര നാളത്തേക്കാണ് ഈ ഒഴിവാക്കലടക്കമുള്ള നടപടികള്‍ തുടരുക എന്ന കാര്യമൊന്നും ടീം വ്യക്തമാക്കിയിട്ടില്ല.
ഇതാദ്യമായല്ല ഫൈനല്‍ വിസിലിന് മുമ്പ് റൊണാള്‍ഡോ ഗ്രൗണ്ട് വിടുന്നത്. നേരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയും താരം കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടിരുന്നു. റയല്‍ വല്ലക്കാനോക്കെതിരായ മത്സരത്തിനിടെയായിരുന്നു താരം ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോയത്.
അന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നെങ്കിലും റോണോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഇറങ്ങിപ്പോക്കിനെ അങ്ങനെ വിട്ടുകളയാനാകില്ലെന്ന നിലപാടിലാണ് ടെന്‍ ഹാഗ്.
എന്നാലിപ്പോള്‍ ഇറങ്ങിപ്പോക്കില്‍ ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ച കുറിപ്പിലാണ് മത്സരം തീരുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയതില്‍ ക്രിസ്റ്റ്യാനോ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരോടും ബഹുമാനപൂര്‍വം
ഇടപെടാനാണ് താന്‍ എന്നെന്നും ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ ചില നിമിഷങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയന്നുമാണ് റോണോ പറയുന്നത്.
മാപ്പ്, സോറി തുടങ്ങിയ വാക്കുകളൊന്നും ക്രിസ്റ്റ്യാനോ തന്റെ കുറിപ്പില്‍ ഉപയോഗിച്ചിട്ടില്ല. തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം യുണൈറ്റഡിനൊപ്പം ഒന്നിച്ചുനില്‍ക്കുമെന്ന നിലയിലാണ് കുറിപ്പ് അവസാനിച്ചിപ്പിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എന്റെ കരിയറിലുടനീളം സഹതാരങ്ങളോടും എതിര്‍ കളിക്കാരോടും പരിശീലകരോടും ബഹുമാനപൂര്‍വം ഇടപെടാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത് അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞാനും മാറിയിട്ടില്ല.
കഴിഞ്ഞ 20 വര്‍ഷമായി ഫുട്‌ബോള്‍ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രൊഫഷണലും തന്നെയാണ് ഞാന്‍ ഇപ്പോഴും. ഞാനെടുക്കുന്ന ഓരോ തീരുമാനത്തിലും ബഹുമാനമെന്ന ഘടകത്തിന് വലിയ പങ്കുണ്ടായിരുന്നു.
ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയ ആളാണ്. അന്ന് മുതല്‍ മുതിര്‍ന്ന കളിക്കാര്‍ എനിക്ക് മാതൃകയായിരുന്നു. അതിന് ഞാന്‍ ഒരുപാട് പ്രാധാന്യം നല്‍കിയിരുന്നു.
അതുകൊണ്ട് തന്നെ ഞാന്‍ വളര്‍ന്നപ്പോഴും ചെറുപ്പക്കാരായ കളിക്കാര്‍ക്ക് മാതൃകയാകാനാണ് ശ്രമിച്ചത്. ഞാന്‍ കളിച്ച ഓരോ ടീമിലെയും യുവ കളിക്കാര്‍ക്ക് മുമ്പിലും മാതൃകാപരമായി ഇടപെടാന്‍ ഞാനെന്നും ശ്രമിച്ചിരുന്നു.
നിര്‍ഭാഗ്യവശാല്‍ അങ്ങനെ പെരുമാറാന്‍ എപ്പോഴും സാധിക്കണമെന്നില്ല. ചില സമയത്ത് കോപം നമ്മുടെ കൂട്ടത്തിലെ ഏറ്റവും മികച്ചവരെ പോലും കീഴടക്കാറുണ്ട്.
കാരിങ്ടണില്‍ കൂടുതല്‍ പരിശീലനം നടത്തണമെന്നും എന്റെ സഹതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യണമെന്നും ഈ ഗെയിമില്‍ എന്താണോ എന്നെ കാത്തിരിക്കുന്നത് അതിനെല്ലാം തയ്യാറായി ഇരിക്കണമെന്നുമാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്.
സമ്മര്‍ദത്തിന് കീഴ്‌പ്പെടുന്നത് ഒരു ഓപ്ഷനല്ലെന്നും ഒരിക്കലും അങ്ങനെ ആകില്ലെന്നും ഞാന്‍ മനസിലാക്കുന്നു.
ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്. യുണൈറ്റഡ് ആയി തന്നെ നമ്മള്‍ നിലകൊള്ളണം. ഉടനെ തന്നെ നമ്മള്‍ വീണ്ടും ഒന്നിക്കും,’
അദ്ദേഹം തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജലൂടെയാണ് ഖേദപ്രകടനം നടത്തിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറങ്ങിപ്പോക്കായിരുന്നു കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ഉപദേശിച്ചും മുന്‍ കളിക്കാരും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു
Content Highlights: Manchester United is about to take action against Christiano Ronaldo