സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ പ്രതിഫലം നൽകി റൊണാൾഡോയെ ക്ലബ്ബിലെത്തിച്ചത്. അത് താരത്തിനും മാഞ്ചസ്റ്റർ യൂണൈറ്റഡിനും വലിയ തിരിച്ചടിയായി മാറുകയായിരുന്നു.
യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്ന് മാത്രമല്ല, ക്ലബ്ബുമായി വലിയ സംഘർഷങ്ങളിൽ ഏർപ്പെടുകയും കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറ്റം നടത്തുകയുമായിരുന്നു.
മാഞ്ചസ്റ്റർ യൂണൈറ്റഡുമായി സൈൻ ചെയ്തതിന് പകരം സിറ്റിയിലേക്ക് പോയിരുന്നെങ്കിൽ താരത്തിന്റെ ഭാവി കുറച്ചുകൂടി സുരക്ഷിതമായിരുന്നേനെ എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ റൊണാൾഡോ ക്ലബ് വിട്ടതിന് പിന്നാലെ പുതിയ നിയമം ക്ലബിൽ ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എല്ലാ താരങ്ങളുടെയും പരമാവധി പ്രതിഫലം ആഴ്‌ചയിൽ രണ്ടു ലക്ഷം പൗണ്ട് ആക്കുകയെന്നതാണ് ക്ലബ്ബിന്റെ പുതിയ ലക്ഷ്യം. മറ്റു താരങ്ങളിൽ നിന്നും വളരെ ഉയർന്ന തലത്തിൽ പ്രതിഫലം വാങ്ങുന്ന റൊണാൾഡോയെ പോലെയുള്ള കളിക്കാരെ ടീമിലെത്തിച്ച് ഡ്രസിങ് റൂമിൽ അസൂയയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്.
ക്ലബിന്റെ പുതിയ നിയമം ബാധിക്കുക നിലവിൽ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് വളരെ കുറഞ്ഞ പ്രതിഫലമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഓഫർ ചെയ്‌തിരിക്കുന്നത്. താരത്തിന് കരാർ സ്വീകരിച്ച് ക്ലബ്ബിൽ തുടരുകയോ അല്ലെങ്കിൽ ക്ലബ് വിടുകയോ ചെയ്യാമെന്നാണ് യുണൈറ്റഡിന്റെ നിലപാട്.
റൊണാൾഡോ, പോഗ്ബ തുടങ്ങിയ വമ്പൻ താരങ്ങളെ വലിയ പ്രതിഫലം നൽകി ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ നിലപാടുകളിൽ നിന്നും വലിയ മാറ്റമാണ് ഇപ്പോഴത്തെ നിയമത്തിനുള്ളത്. ക്ലബിൽ വലിയൊരു അഴിച്ചുപണി നടക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ടീമിലെ സീനിയർ താരങ്ങളായ റാഫേൽ വരാനെ, ഹാരി മാഗ്വയർ, കസെമിറോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം ഈ തുകയുടെ ഉള്ളിലാണ് ഇപ്പോൾ പ്രതിഫലം വാങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ടീമിന് കഴിഞ്ഞില്ലെങ്കിൽ പ്രതിഫലം വീണ്ടും കുറയുകയും ചെയ്യും.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് വന്നതിന് ശേഷമാണ് ക്ലബിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ട്രാൻസ്‌ഫർ നീക്കങ്ങളിലും ടെൻ ഹാഗിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Content Highlights: Manchester United is about to make new rules on the payment of players