'വിവാ റൊണാൾഡോ' ബാഴ്സലോണക്കെതിരെ റൊണാൾഡോ അനുകൂല ചാന്റ് പാടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ
football news
'വിവാ റൊണാൾഡോ' ബാഴ്സലോണക്കെതിരെ റൊണാൾഡോ അനുകൂല ചാന്റ് പാടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 10:39 am

യൂറോപ്പാ ലീഗിലെ പ്രീ ക്വാർട്ടർ ക്വാളിഫിക്കേഷൻ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയെ തകർത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

2-2 സമനിലയിൽ അവസാനിച്ച ആദ്യപാദ മത്സരത്തിന് ശേഷം ഓൾഡ് ട്രാഫോർഡിൽ വെച്ച് നടന്ന നിർണായകകമായരണ്ടാം പാദ മത്സരത്തിൽ ആദ്യം ഗോൾ നേടി മുന്നിലെത്താൻ സാധിച്ചെങ്കിലും പിന്നീട് രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി ബാഴ്സ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.

മത്സരം 18 മിനിട്ട് പിന്നിട്ടപ്പോൾ അനുവദിച്ചു കിട്ടിയ പെനാൽട്ടി റോബർട്ടോ ലെവൻഡോസ്കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സക്ക് മത്സരത്തിൽ ആധിപത്യം ലഭിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന യുണൈറ്റഡ് ബാഴ്സയെ ചാമ്പ്യൻസ് ലീഗിന് പിന്നാലെ യൂറോപ്പയിൽ നിന്നും പുറത്താക്കുകയായിരുന്നു.

ബ്രസീലിയൻ താരങ്ങളായ ഫ്രഡ്‌, ആന്റണി എന്നിവരായിരുന്നു ചുവന്ന ചെകുത്താൻമാർക്ക് വേണ്ടിയുള്ള വിജയ ഗോളുകൾ സ്വന്തമാക്കിയത്.
എന്നാലിപ്പോൾ മത്സരത്തിൽ ബാഴ്സലോണക്കെതിരെ യുണൈറ്റഡ് ആരാധകർ റൊണാൾഡോ അനുകൂല ചാന്റ് പാടിയതിനെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായി നടക്കുന്നത്. മാഞ്ചസ്റ്റർ ഈവനിങ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റൊണാൾഡോ ക്ലബ്ബിൽ നിന്നും നവംബറിൽ പുറത്ത് പോയതിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഫാൻസ്‌ റൊണാൾഡോയുടെ പേര് ചാന്റ് ചെയ്യുന്നത്.

‘വിവാ റൊണാൾഡോ എന്നായിരുന്നു താരത്തെ പ്രകീർത്തിച്ച് യുണൈറ്റഡ് ആരാധകർ ചാന്റ് ചെയ്തത്. ബാഴ്സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരമായ റൊണാൾഡോയുടെ പേര് കാറ്റലോണിയൻ ക്ലബ്ബിനെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് യുണൈറ്റഡ് ആരാധകർ ചാന്റ് ചെയ്തത്.

20 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ യുണൈറ്റഡ് ജേഴ്സിയിൽ ബാഴ്സക്കെതിരെ നേടിയിട്ടുള്ളത്.
അതേസമയം ബാഴ്സലോണയെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ പരാജയപ്പെട്ട ബാഴ്സ ഇനി യൂറോപ്പാ കോൺഫറൻസ് ലീഗിലാണ് മത്സരിക്കുക.

പ്രീമിയർ ലീഗിൽ നിലവിൽ 24മത്സരങ്ങളിൽ നിന്നും 49 പോയിന്റോടെ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മാൻ യുണൈറ്റഡ്, ഫെബ്രുവരി 24ന് ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡിനെയാണ് അടുത്തതായി നേരിടുക.


ലാ ലിഗയിൽ 22 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സ ഫെബ്രുവരി 24ന് അൽമിറയെയാണ് അടുത്തതായി എതിരിടുക.

Content Highlights:Manchester United fans sing Viva Ronaldo in Europa League game against Barcelona